ന്യൂഡൽഹി: ഇന്ധന വിലവർധനയ്ക്ക് പിന്നാലെ ട്രെയിൻ യാത്രാനിരക്കുകളും കേന്ദ്രം വർദ്ധിപ്പിച്ചു. അടിസ്ഥാന യാത്രാനിരക്കുകളിൽ ഒരു രൂപ 40 പൈസയാണ് കൂട്ടിയത്. പുതിയ നിരക്കുകൾ ചൊവ്വാഴ്ച അർദ്ധരാത്രി മുതലാണ് നിലവിൽ വരും. ടിക്കറ്റ് നിരക്കിലെ വർദ്ധനവനുസരിച്ച് ജി.എസ്.ടിയിലും സർവീസ് ചാർജിലും വർദ്ധനവുണ്ടാകും. റെയിൽവേ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന അവസ്ഥയിൽ നിരക്ക് ഉയർത്താനുള്ള നിർദേശം മാസങ്ങളായി കേന്ദ്രസർക്കാരിന്റെ മുന്നിലുണ്ടായിരുന്നു.
ഒക്ടോബറിൽ റെയിൽവേയുടെ വരുമാനത്തിൽ 7.8 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചിരുന്നത്. ചരക്കുനീക്കത്തിൽ നിന്നും പ്രതീക്ഷിച്ച വരുമാനം റെയിൽവേയ്ക്ക് കിട്ടിയിരുന്നതുമില്ല. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധന വരുത്തിയതെന്നാണ് വിശദീകരണം. അതേസമയം, ചരക്കുനീക്ക നിരക്കിൽ വർദ്ധനയുണ്ടാകില്ല. റെയിൽവേ സ്റ്റേഷനുകളിലെ ഐ.ആർ.ടി.സി റെസ്റ്റോറന്റുകളിലെ ഭക്ഷണ വില നേരത്തെ തന്നെ വർദ്ധിപ്പിച്ചിരുന്നു.
എക്സ്പ്രസ്, മെയില്‍ ട്രെയിനുകളുടെ നിരക്കിലാകും റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണ ശാലകളിലും ഇനി മുതൽ ഭക്ഷണം ലഭിക്കുക. അഞ്ച് രൂപ മുതലാണ് വർദ്ധനവുണ്ടായിരിക്കുന്നത്. സംസ്ഥാനത്ത് ഇന്ധനവിലയും വർദ്ധിച്ചിരുന്നു. പെട്രോളിന് 11 പൈസയും ഡീസലിന് 19 പൈസയുമാണ് വർദ്ധിച്ചത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഡീസലിന് 2 രൂപയാണ് വർദ്ധിച്ചത്.