ramnath-kovind

തിരുവനന്തപുരം: രാഷ്ട്രപതി രാംനാഥ് കോവിന്ദ് ജനുവരി ആറിന് ശബരിമല ദർശനം നടത്തും. ജനുവരി അഞ്ച് ഞായറാഴ്ച അദ്ദേഹം കേരളത്തിലെത്തും. കൊച്ചിയിൽ നിന്നാകും രാഷ്ട്രപതി ശബരിമലയിലേക്ക് പോകുക. രാഷ്ട്രപതിയുടെ സന്ദർശനത്തെ കുറിച്ച് രാഷ്ട്രപതി ഭവൻ ദേവസ്വം ബോർഡുമായി ടെലിഫോണിൽ ആശയ വിനിമയം നടത്തി. രാഷ്ട്രപതിക്ക് വരാനായി സന്നിധാനത്ത് ഹെലിപ്പാഡ് ഒരുക്കാമെന്ന് ദേവസ്വം ബോർഡ് രാഷ്ട്രപതി ഭവനോട് വ്യക്തമാക്കിയിട്ടുണ്ട്.

പാണ്ടിത്താവളത്തിലെ വാട്ടർ ടാങ്കിന് മുകളിൽ ഹെലിപ്പാഡ് സൗകര്യമുണ്ടെന്ന് ബോർഡ് അറിയിച്ചു. മകരവിളക്ക് ഉത്സവത്തിനായി നട തുറന്ന് രണ്ടാം ദിവസവും ശബരിമലയിൽ വൻ ഭക്തജനത്തിരക്കാണ്. മിനിറ്റിൽ 70 മുതൽ 75 പേരെ വരെയാണ് പതിനെട്ടാം പടിയിലൂടെ കടത്തിവിടുന്നത്. 2020 ജനുവരി 15 നാണ് മകര വിളക്ക്. അന്ന് പുലർച്ചെ 2.50 ന് മകര സംക്രമ പൂജ നടക്കും. വൈകീട്ട് 6.30ന് തിരുവാഭരണം ചാർത്തിയുള്ള ദീപാരാധന. തുടർന്ന് പൊന്നമ്പലമേട്ടിലെ മകര വിളക്ക്. മകര വിളക്ക് ഉത്സവത്തിന് ശേഷം 21 നാണ് നട അടക്കുക.