ചെന്നൈ: വിവാഹേതര ബന്ധം തുടരണമെന്ന് ആവശ്യപ്പെട്ട മുൻ കാമുകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി സീരിയൽ നടി. നടിയായ എസ്.ദേവിയാണ് തന്റെ മുൻ കാമുകനും ഫിലിം ടെക്‌നീഷ്യനുമായ എം. രവിയെയാണ് കൊലപ്പെടുത്തിയത്. തിങ്കളാഴ്ച പുലർച്ചെ രവിയുടെ സഹോദരിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സംഭവശേഷം ദേവി രാജമംഗലം പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട ദേവിയുടെ ഭർത്താവ് ശങ്കർ, രവിയുടെ സഹോദരി ലക്ഷ്മി, ഭർത്താവ് സവാരിയാർ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സീരിയലുകളിൽ ചെറിയ റോളുകൾ ചെയ്തിരുന്ന, ഭർതൃമതിയായ ദേവിയുമായി അതേ രംഗത്ത് ജോലി ചെയുന്ന രവി ബന്ധം സ്ഥാപിക്കുകയായിരുന്നു.
വർഷങ്ങളോളം ഈ ബന്ധം രഹസ്യമായി തുടരുകയും ചെയ്തു. എന്നാൽ രണ്ട്‍ വർഷം മുൻപ് ഇവർ തമ്മിലുള്ള ദേവിയുടെ ഭർത്താവ് ശങ്കറും കുടുംബവും അറിയുകയും തുടർന്ന് ദേവിയെ സീരിയൽ രംഗത്തുനിന്നും അകറ്റി, ടെയ്‌ലറിംഗ് മേഖലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. എന്നാൽ ഇടവേളകളിൽ ദേവി സീരിയലുകളിൽ അഭിനയിക്കാൻ സമയം കണ്ടെത്തിയിരുന്നു. മധുര സ്വദേശിയായ രവി ജോലിയുടെ ആവശ്യത്തിനാണ് ചെന്നൈയിൽ താമസമാക്കിയിരുന്നത്.
ദേവിയുമായുള്ള ബന്ധം മറക്കാൻ കഴിയാതിരുന്ന രവി ഞായറാഴ്ച അർദ്ധരാത്രിയോടെ ദേവിയെ അന്വേഷിച്ചെത്തി. എന്നാൽ ദേവി വീട്ടിലില്ലെന്നറിഞ്ഞ ഇയാൾ സമീപത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടിൽ അഭയം തേടുകയായിരുന്നു. രവിയുടെ മട്ട് കണ്ട സഹോദരി ലക്ഷ്മി ദേവിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാൻ സഹായിക്കാമെന്ന് ഉറപ്പ് നൽകി. തുടർന്ന് രവിയെ വീട്ടിൽ ഒളിപ്പിച്ച ശേഷം ലക്ഷ്മി ദേവിയെയും ഭർത്താവിനെയും വീട്ടിലേക്ക് വിളിച്ചു വരുത്തി. ദേവിയുടെ കണ്ടയുടൻ തനിക്ക് ബന്ധം പുനഃസ്ഥാപിക്കാൻ ആഗ്രഹമുണ്ടെന്ന് രവി അറിയിക്കുകയായിരുന്നു. തുടർന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും ദേവി ഇയാളെ തലയ്ക്കടിച്ച് വീഴ്ത്തുകയും ചെയ്തു. തല തകർന്ന് രവി മരണപ്പെട്ടുവെന്ന് ഉറപ്പായതോടെയാണ് ദേവി പൊലീസിൽ കീഴടങ്ങാൻ തീരുമാനിച്ചത്.