ലക്നോ: പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉത്തർപ്രദേശിൽ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ടാണ് സർക്കാർ പോപ്പുലർ ഫ്രണ്ടിനെ (പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ) നിരോധിക്കാൻ തയാറെടുക്കുന്നത്. സംഘടനയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് കത്തയച്ചതായും യു.പി ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞു. സിമിയുടെ (സ്റ്റുഡന്റസ് ഇസ്ലാമിക് മൂവ്മെന്റ് ഒഫ് ഇന്ത്യ) മറ്റൊരു രൂപമാണ് പോപ്പുലർ ഫ്രണ്ടെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. സംസ്ഥാനത്തെ വിധ്വംസക പ്രവർത്തനങ്ങളിലെ പി.എഫ്.ഐയുടെ പങ്ക് വ്യക്തമായിട്ടുണ്ട്. അന്വേഷണത്തിലൂടെ സത്യം വെളിപ്പെടുമെന്നും സിമി ഏതു രൂപത്തിൽ പ്രത്യക്ഷപ്പെട്ടാലും അതിനെ തകർക്കുമെന്നും മന്ത്രി പറഞ്ഞു. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കാനുള്ള നടപടികൾ നടന്നുവരികയാണെന്നും ഇത്തരം സംഘടനകളെ വളരാൻ അനുവദിക്കില്ലെന്നും ആവശ്യമായി വന്നാൽ അവയെ നിരോധിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.