പ്ലസ്ടുക്കാർക്ക് വ്യോമസേനയിൽ
എയർമാനാകാൻ അവസരം
എയർമാൻ ഗ്രൂപ്പ് എക്സ് (എജുക്കേഷൻ ഇൻസ്ട്രക്ടർ ട്രേഡ് ഒഴികെ), ഗ്രൂപ്പ് വൈ (ഐ.എ.എഫ്. സെക്യൂരിറ്റി, ഓട്ടോമൊബൈൽ ടെക്നീഷ്യൻ, മ്യുസീഷ്യൻ ട്രേഡുകൾ ഒഴികെ) ട്രേഡുകളിലേക്ക് ഇന്ത്യൻ എയർഫോഴ്സ് അപേക്ഷ ക്ഷണിച്ചു. ഇതിനായുള്ള ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി രണ്ടിന് ആരംഭിക്കും. അവിവാഹിതരായ യുവാക്കൾക്ക് മാത്രമേ അപേക്ഷിക്കാനാവൂ. മാസ്റ്റർ വാറന്റ് ഓഫീസർ റാങ്ക് വരെ ഉയരാവുന്ന തസ്തികയാണിത്. വിവിധ പരീക്ഷകളിൽ യോഗ്യത നേടിയാൽ കമ്മീഷൺഡ് ഓഫീസറാകാനുള്ള അവസരവുമുണ്ട്. എഴുത്തുപരീക്ഷ, ശാരീരികക്ഷമതാപരിശോധന, അഭിമുഖം, ട്രേഡ് അലോക്കേഷൻ ടെസ്റ്റ്, വൈദ്യപരിശോധന എന്നിവയ്ക്കുശേഷമായിരിക്കും നിയമനം.
ഓരോ ട്രേഡിനും അപേക്ഷിക്കാൻ ആവശ്യമായ യോഗ്യത ഗ്രൂപ്പ് എക്സ്: 50 ശതമാനം മാർക്കോടെ കണക്ക്, ഫിസിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ പ്ലസ്ടു/തത്തുല്യ യോഗ്യത. അല്ലെങ്കിൽ ഏതിലെങ്കിലും എൻജിനിയറിങ് സ്ട്രീമിൽ അംഗീകൃത സ്ഥാപനങ്ങൾ/പോളിടെക്നിക്കുകളിൽനിന്ന് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ.
ഗ്രൂപ്പ് വൈ (നോൺ ടെക്നിക്കൽ): 50 ശതമാനം മാർക്കോടെ പ്ലസ്ടു/വി.എച്ച്.എസ്.ഇ./ തത്തുല്യ യോഗ്യത. ഇംഗ്ലീഷിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം.
ഗ്രൂപ്പ് വൈ (മെഡിക്കൽ അസിസ്റ്റന്റ്): ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങൾ പഠിച്ച് 50 ശതമാനം മാർക്കോടെ പ്ലസ്ടു അല്ലെങ്കിൽ തത്തുല്യയോഗ്യത.
ഗ്രൂപ്പ് എക്സ് ആൻഡ് വൈ (ടെക്നിക്കൽ ആൻഡ് നോൺ ടെക്നിക്കൽ): ഗ്രൂപ്പ് എക്സ് വിഭാഗത്തിലേക്ക് അപേക്ഷിക്കാൻ യോഗ്യതയുള്ളവർക്ക് താത്പര്യമുണ്ടെങ്കിൽ ഗ്രൂപ്പ് വൈ വിഭാഗത്തിലേക്കും അപേക്ഷിക്കാം. ഇങ്ങനെ അപേക്ഷിക്കുന്നവർക്ക് പൊതുവായി ഒരു പരീക്ഷയാണുണ്ടാകുക. ഇംഗ്ലീഷ്, റീസണിങ് ആൻഡ് ജനറൽ അവേർനെസ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് വൈ യോഗ്യത നേടിയതായും ഇംഗ്ലീഷ്, ഫിസിക്സ് ആൻഡ് മാത്തമാറ്റിക്സ് വിഷയങ്ങളിൽ വിജയിച്ചാൽ ഗ്രൂപ്പ് എക്സ് യോഗ്യത നേടിയതായായും പരിഗണിക്കപ്പെടും. നാല് വിഷയങ്ങളിലും വിജയിച്ചാൽ ഉദ്യോഗാർഥിക്ക് ഗ്രൂപ്പ് എക്സ്, വൈ വിഭാഗങ്ങളിൽ നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം. ഡിപ്ലോമക്കാരെ ഗ്രൂപ്പ് എക്സിലേക്ക് മാത്രമേ പരിഗണിക്കുകയുള്ളൂ.ശാരീരികയോഗ്യത: ഉയരം-152.5 സെ.മീറ്റർ, നെഞ്ച് വികാസം-5 സെ.മീറ്റർ, ഉയരത്തിനൊത്ത തൂക്കം.പ്രായം: 2000 ജനുവരി 17-നും 2003 ഡിസംബർ 30-നും ഇടയിൽ ജനിച്ചവരായിരിക്കണം (രണ്ട് തീയതികളും ഉൾപ്പെടെ). അപേക്ഷകർ ശാരീരികമായും മാനസികമായും ഉന്നതനിലവാരം പുലർത്തുന്നവരായിരിക്കണം. മികച്ച കാഴ്ചശക്തി, കേൾവിശക്തി എന്നിവ നിർബന്ധമാണ്. കണ്ണട ഉപയോഗിക്കുന്നവർ ശാരീരികപരിശോധനയ്ക്ക് വരുമ്പോൾ അതും കണ്ണട നിർദേശിച്ച ഡോക്ടറുടെ കുറിപ്പും കൊണ്ടുവരണം. കുറിപ്പിൽ നേത്രരോഗവിദഗ്ധന്റെ ഒപ്പും സീലും രജിസ്ട്രേഷൻ നമ്പറും വ്യക്തമായിരിക്കണം.തിരഞ്ഞെടുക്കപ്പെടുന്നവർക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ജോയിന്റ് ബേസിക് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ 12 ആഴ്ച നീളുന്ന ജോയിന്റ് ബേസിക് ഫേസ് ട്രെയിനിങ് (ജെ.ബി.പി.ടി.) ഉണ്ടായിരിക്കും. ഈ കാലയളവിൽ14,600 രൂപ പ്രതിമാസ സ്റ്റൈപ്പൻഡ് ലഭിക്കും. ഗ്രൂപ്പ് എക്സ് വിഭാഗത്തിൽ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ 33,100 രൂപ ശമ്പളത്തിൽ അവരുടെ ട്രേഡിനനുസരിച്ച് വിവിധ വിഭാഗങ്ങളിൽ നിയമിക്കും.ഗ്രൂപ്പ് വൈ വിഭാഗത്തിൽ ട്രെയിനിങ് വിജയകരമായി പൂർത്തിയാക്കുന്നവരെ 26,900 രൂപ ശമ്പളത്തിൽ വിവിധ വിഭാഗങ്ങളിലേക്ക് നിയമിക്കും.2020 മാർച്ച് 19-23 തീയതികളിലാണ് എഴുത്തുപരീക്ഷ നടക്കുക. കേരളത്തിൽ കൊച്ചിയാണ് ഏക പരീക്ഷാകേന്ദ്രം.തിരഞ്ഞെടുപ്പ് :ഗ്രൂപ്പ് എക്സ് വിഭാഗത്തിലേക്ക് ഇംഗ്ലീഷ്, ഫിസിക്സ്, കണക്ക് വിഷയങ്ങളിലായി ഒരുമണിക്കൂർ നീളുന്ന ഒബ്ജക്ടീവ് പരീക്ഷയാണുണ്ടാകുക. ഗ്രൂപ്പ് വൈ വിഭാഗത്തിൽ ഇംഗ്ലീഷ്, റീസണിങ്, ജനറൽ അവേർനെസ് വിഭാഗങ്ങളിൽനിന്ന് ചോദ്യങ്ങളുണ്ടാകും. മൂന്ന് വിഭാഗങ്ങളിലും ജയിക്കണം. അതിൽ വിജയിച്ചവർ ശാരീരികക്ഷമതാ പരീക്ഷയിൽ പങ്കെടുക്കണം. എട്ട് മിനിറ്റ് കൊണ്ട് 1.6 കിലോമീറ്റർ ഓട്ടം, പത്ത് പുഷ് അപ്പ്, 10 സിറ്റ് അപ്പ്, 20 സ്ക്വാട്ട് എന്നിവയാണ് ഈ പരീക്ഷയിലുണ്ടാകുക. അതിനായുള്ള സ്പോർട്സ് ഷൂവും ഷോർട്സും ഉദ്യോഗാർഥികൾ കരുതണം. ഈ ഘട്ടത്തിലും വിജയിക്കുന്നവരെ അഭിമുഖത്തിന് ക്ഷണിക്കും. ഇംഗ്ലീഷിലാകും ചോദ്യങ്ങളുണ്ടാകുക. അഭിമുഖത്തിൽ യോഗ്യത നേടുന്നവരെ ട്രേഡ് അലോക്കേഷൻ ടെസ്റ്റിനും വൈദ്യപരിശോധനയ്ക്കും വിധേയരാക്കും. അതിനുശേഷം 2020 ഏപ്രിൽ 30ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കും. എഴുത്തുപരീക്ഷയുടെ വിശദമായ സിലബസ്, മാതൃകാചോദ്യപേപ്പറുകൾ എന്നിവ airmenselection.cdac.inഎന്ന വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
അപേക്ഷാഫീസ്: 250 രൂപ. ഡെബിറ്റ് കാർഡ്/ക്രെഡിറ്റ് കാർഡ്/ഇന്റർനെറ്റ് ബാങ്കിങ് വഴി ഓൺലൈൻ ആയാണ് ഫീസ് അടയ്ക്കേണ്ടത്. ആക്സിസ് ബാങ്ക് ശാഖകൾ വഴി ചലാൻ ആയും ഫീസ് അടയ്ക്കാം.
അപേക്ഷിക്കേണ്ട വിധം:www.airmenselection.cdac.inഎന്ന വെബ്സൈറ്റിലെ നിർദേശങ്ങൾ വായിച്ചുമനസ്സിലാക്കിയശേഷം ജനുവരി 2 മുതൽ 20 വരെ ഇതേ വെബ്സൈറ്റ് വഴി ഓൺലൈനായി വേണം അപേക്ഷിക്കാൻ.
ഓൺലൈൻ അപേക്ഷയ്ക്കൊപ്പം പ്രായം, യോഗ്യത എന്നിവ തെളിയിക്കുന്ന രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ, മാർക്ക്ലിസ്റ്റുകൾ, കറുത്ത സ്ലെയിറ്റിൽ പേര്, ഫോട്ടോ എടുത്ത തീയതി എന്നിവ വെളുത്ത ചോക്ക് കൊണ്ട് വലിയ അക്ഷരങ്ങളിൽ എഴുതി നെഞ്ചിൽ ചേർത്തുപിടിച്ച നിലയിലുള്ള ഒരു ഫോട്ടോ, ഇടതു കൈവിരലടയാളം, കൈയൊപ്പ് എന്നിവ അപ്ലോഡ് ചെയ്യണം. ഫോട്ടോ 2019 ഡിസംബറിന് ശേഷം എടുത്തതായിരിക്കണം .
ഖാദി ആൻഡ് വില്ലേജ്
ഇൻഡസ്ട്രീസ് കമ്മിഷൻ
കേന്ദ്രസർക്കാരിന് കീഴിൽ മുംബൈയിലെ ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷൻ ഗ്രൂപ്പ് ബി, സി തസ്തികയിലെ 108 ഒഴിവുകളിലേക്ക് നിയമനം നടത്തും. www.kvic.org.in വഴി ജനുവരി 19 വരെ ഓൺലൈനായി അപേക്ഷിക്കാം. സീനിയർ എക്സിക്യൂട്ടീവ്, എക്സിക്യൂട്ടീവ്, ജൂനിയർ എക്സിക്യൂട്ടീവ്, അസിസ്റ്റന്റ് എന്നിങ്ങനെയാണ് ഒഴിവ്.
ഡാറ്റ എൻട്രി ഓപ്പറേറ്റർ 100 ഒഴിവ്
ഡൽഹിയിലെ വിവിധ ഗവ. ഓഫീസുകളിൽ ഡാറ്റ എൻട്രി ഓപ്പറേറ്റർ (ഹിന്ദി/ ഇംഗ്ലീഷ്) തസ്തികകളിൽ 100 ഒഴിവുണ്ട്. കരാർ നിയമനമാണ്. ബ്രോഡ്കാസ്റ്റ് എൻജിനിയറിങ് കൺസൽട്ടന്റ്സ് ഇന്ത്യയാണ്(ബിഇസിഐഎൽ) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.
യോഗ്യത പ്ലസ്ടു/അംഗീകൃത സർവകലാശാല ബിരുദം കംപ്യൂട്ടറിൽ മിനിറ്റിൽ 35 ഇംഗ്ലീഷ്/ ഹിന്ദി വാക്ക് ടൈപ്പിങ് വേഗത. അപേക്ഷാഫോറവും വിശദവിവരവും www.becil.com എന്ന വെബ്സൈറ്റിൽ ലഭിക്കും. വിലാസം: ഡെപ്യൂട്ടി ജനറൽ മാനേജർ (എച്ച് ആർ) ബിഇസിഐഎൽ കോർപ്പറേറ്റ് ഓഫീസ് , നോയിഡ എന്ന വിലാസത്തിൽ ലഭിക്കേണ്ട അവസാന തീയതി: ജനുവരി 7.
ജിപ്മെറിൽ
പുതുച്ചേരി ജവഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ എഡ്യുക്കേഷൻ ആൻഡ് റിസർച്ചിന്റെ കാരയ്ക്കൽ ക്യാമ്പസിൽ ഗ്രൂപ്പ് ബി, സി തസ്തികയിൽ 162 ഒഴിവുണ്ട്. നഴ്സിങ് ഓഫീസർ 150, മെഡിക്കൽ സോഷ്യൽ വർക്കർ 2, ജൂനിയർ എൻജിനിയർ സിവിൽ 1, ഇലക്ട്രിക്കൽ 1, സ്റ്റെനോഗ്രാഫർ 8 എന്നിങ്ങനെയാണ് ഒഴിവ്. ജനുവരി 26 വരെ ഓൺലൈനായി അപേക്ഷിക്കാം. പുതുച്ചേരി ജിപ്മെറിൽ ഗ്രൂപ്പ് ബി, സി തസ്തികയിലായി 116 ഒഴിവുണ്ട്. നേഴ്സിങ് ഓഫീസർ 85, മെഡിക്കൽ ലബോറട്ടറി ടെക്നോളജിസ്റ്റ് 15, ഫിസിക്കൽ ഇൻസ്ട്രക്ടർ 1, സെക്യാട്രിക് നേഴ്സ് 1, ജൂനിയർ എൻജിനിയർ എയർകണ്ടീഷനിങ് 1, ഇലക്ട്രോണിക്സ് അസി. വർക്ഷോപ്പ് 1, ഇഇജി ടെക്നീഷ്യൻ 1, യൂറോ ടെക്നീഷ്യൻ, ഡെന്റൽ മെകാനിക് 1, ലോവർ ഡിവിഷൻ ക്ലർക് 9 എന്നിങ്ങനെയാണ് ഒഴിവ്. ജനുവരി 20വരെ ഓൺലൈനായി അപേക്ഷിക്കാം. വിശദവിവരത്തിന് www.jipmer.edu.in .
അറ്റമിക് മിനറൽസ്
ഹൈദരാബാദിൽ പ്രവർത്തിക്കുന്ന അറ്റമിക് മിനറൽസ് ഡയറക്ടറേറ്റ് ഫോർ എക്സ്പ്ലൊറേഷൻ ആൻഡ് റിസർച്ചിൽ വിവിധ തസ്തികകളിലായി 78 ഒഴിവുണ്ട്.
സയന്റിഫിക് ഓഫീസർ സി(മെഡിക്കൽ‐ജനറൽ ഡ്യൂട്ടി) 2, സയന്റിഫിക് അസി. ബി (ഡ്രില്ലിങ്, ഫിസിക്സ്, സർവേ, ഇലക്ട്രിക്കൽ) 15, ടെക്നീഷ്യൻ ബി (ഡ്രില്ലിങ്/ ഡീസൽ/ഓട്ടോമെക്കാനിക്കൽ/ ഇലക്ട്രിക്കൽ) 18, സ്റ്റെനോഗ്രാഫർ രേഗഡ് മൂന്ന് 3, യുഡി ക്ലർക് 10 ഡ്രൈവർ 30 എന്നിങ്ങനെയാണ് ഒഴിവ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 10.www.amd.gov.in വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
കേരള ഹൈക്കോടതിയിൽ
കേരള ഹൈക്കോടതി ഓഫീസ് അറ്റന്റന്റ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ഹൈക്കോടതി നേരിട്ട് നടത്തുന്ന പരീക്ഷ വഴിയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞടുക്കുന്നത്. ആകെ 24 ഒഴിവുകളാണുള്ളത്. യോഗ്യത
പത്താം ക്ലാസ് ജയം. പ്രായപരിധി:36. അതേസമയം, സംവരണ വിഭാഗങ്ങൾക്ക് നിയമാനുസൃത പ്രായപരിധി ഇളവ് ലഭിക്കും. ഓൺലൈനായി അപേക്ഷകൾ സമപ്പിക്കേണ്ട അവസാന തീയതി 2020 ജനുവരി 31 ആണ്. പ്രതിമാസം 35,700 രൂപ വരെയാണ് ശമ്പളം ലഭിക്കുക. വിശദവിവരങ്ങൾക്ക്: /highcourtofkerala.nic.in