പെരിന്തൽമണ്ണ: പുലാമന്തോൾ കട്ടുപ്പാറ ഇട്ടക്കടവ് പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. പുളിങ്കാവ് പള്ളത്തൊടി ഹിദായത്തിന്റെ മകൻ ജാസിർ ഹുസൈൻ(17) ആണ് മരിച്ചത്. പുലാമന്തോൾ ജി.എച്ച്.എസ്.എസിലെ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിയാണ്.
ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. നീന്തുന്നതിനിടെ പാലത്തിന്റെ രണ്ട് തൂണുകൾക്കിടയിലെ ഭാഗത്ത് ഒഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്ന ബന്ധുക്കളായ രണ്ട് കുട്ടികളെ നാട്ടുകാരും മീൻപിടിക്കാനെത്തിയവരും ചേർന്ന് രക്ഷപ്പെടുത്തി. ആഴത്തിൽ വെള്ളമുള്ള ഭാഗത്ത് കാണാതായ ജാസിറിനെ പെരിന്തൽമണ്ണ അഗ്‌നിരക്ഷാസേനയെത്തിയാണ് പുറത്തെടുത്തത്. പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മാതാവ്: ഫൗസിയ. സഹോദരി: നാദിയ.
പെരിന്തൽമണ്ണ എസ്.ഐ. മഞ്ജിത്ത് ലാൽ മൃതദേഹ പരിശോധന നടത്തി. പോസ്റ്റമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ജിദ്ദയിലുള്ള പിതാവ് നാട്ടിലെത്തിയശേഷം ഇന്ന് കട്ടുപ്പാറ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.