മഞ്ചേരി: ആറു കിലോ കഞ്ചാവുമായി അന്തർ ജില്ലാ മയക്കുമരുന്നു മാഫിയയിലെ പ്രധാന കണ്ണി മഞ്ചേരി പൊലീസിന്റെ പിടിയിലായി. ഓട്ടോ കുട്ടൻ എന്നറിയപ്പെടുന്ന കീഴാറ്റൂർ ഏരിക്കുന്നൻ പ്രദീപാണ് (45) അറസ്റ്റിലായത്. മൊത്ത വിൽപ്പനയ്ക്കെത്തിച്ച ആറു കിലോഗ്രാം കഞ്ചാവും കൊണ്ടുവന്ന ഓട്ടോറിക്ഷയും പൊലീസ് പിടിച്ചെടുത്തു. ഇന്നലെ പുലർച്ചെ ആനക്കയത്തു വച്ചാണ് , മൊത്ത വിൽപ്പനയ്ക്കുള്ള ആറു കിലോഗ്രാം കഞ്ചാവുമായി ഓട്ടോറിക്ഷയിൽ വരികയായിരുന്ന പ്രദീപിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ മോഷണക്കേസിലും പത്തോളം മയക്കുമരുന്നു കേസുകളിലും പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. ക്ഷേത്ര മോഷണമുൾപ്പെടെയുള്ള കേസുകളിൽ പ്രതിയായ പ്രദീപ് പിന്നീട് മയക്കുമരുന്നു വിൽപ്പനയിലേക്ക് കടക്കുകയായിരുന്നു. ആന്ധ്രയിലെ വിജയവാഡയിൽ നിന്നും ഇടനിലക്കാരായ മലയാളികൾ വഴി കിലോയ്ക്ക് 1000 രൂപ നിരക്കിലാണ് കഞ്ചാവ് വാങ്ങുന്നത്. കേരളത്തിലെത്തിക്കുന്ന കഞ്ചാവ് കിലോഗ്രാമിന് 25,000 രൂപ നിരക്കിൽ വിൽപ്പന നടത്തും. പ്രതിയെ ചോദ്യം ചെയ്തതിൽ നിന്ന് ജില്ലയിൽ കഞ്ചാവു വിൽപ്പന നടത്തുന്ന പ്രധാനികളെ കുറിച്ച് വിവരം ലഭിച്ചിട്ടുണ്ടെന്നും ഈ ദിശയിൽ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മഞ്ചേരി സി.ഐ അലവി , എസ്.ഐ സുമേഷ് സുധാകർ, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, പി. സഞ്ജീവ്, ഉണ്ണികൃഷ്ണൻ മാരാത്ത് മഞ്ചേരി സ്റ്റേഷനിലെ എ.എസ്.ഐ. ഷാഹുൽ ഹമീദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ശശികുമാർ, ഷഹബിൻ, സിവിൽ പൊലീസ് ഓഫീസർ അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.