prathi-2
വൻ മയക്കുമരുന്നു വേട്ട,

മഞ്ചേരി : കൊണ്ടോട്ടിയിൽ ബ്രൗൺ ഷുഗറും മെത്ത് ടാബ്‌ലറ്റുകളുമായി ബംഗാൾ സ്വദേശിയടക്കം രണ്ടുപേരെ കൊണ്ടോട്ടി സി.ഐ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടി. കൊണ്ടോട്ടി മേലങ്ങാടി മത്തൻ കുഴിയിൽ ഹൗസ് അഷറഫ്(40), വെസ്റ്റ് ബംഗാൾ നോയിഡ സ്വദേശി രാജു ഷെയ്ക്ക്(25) എന്നിവരാണ് അറസ്റ്റിലായത്.

കൊണ്ടോട്ടിയിലും പരിസര പ്രദേശങ്ങളിലും ന്യൂജെൻ മയക്കുമരുന്നുകളുടെ വിപണനം അന്യസംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് നടത്തുന്നുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് ഒരാഴ്ചയോളമായി ഇവരെ നീരീക്ഷിച്ചു വരികയായിരുന്നു. വിദ്യാർത്ഥികളെയും അന്യസംസ്ഥാന തൊഴിലാളികളെയും സംഘം കാരിയർമാരായി ഉപയോഗിക്കുന്നുണ്ട്. വളരെ ചെറിയ പാക്കറ്റുകളാക്കി മൊബൈൽ ഫോണിന്റെ കവറിനുള്ളിലും വസ്ത്രത്തിന്റെ വിവിധ ഭാഗങ്ങളിലും ഒളിപ്പിച്ചാണ് ബ്രൗൺ ഷുഗർ കൊണ്ടു നടന്നിരുന്നത്. നൂറോളം മെത്ത് ടാബുകളും ഇവരിൽ നിന്നും കണ്ടെടുത്തു. നൂറ് രൂപയാണ് ഓരോ ടാബ്‌ലറ്റിനും ഇവർ ഈടാക്കിയിരുന്നത്. ചുവന്ന കളറിൽ ചെറിയ ഗുളിക രൂപത്തിൽ ഉള്ള ഇവയുടെ ഉപയോഗം പല മാരകമായ അസുഖങ്ങൾക്കും കാരണമാകാറുണ്ട്. പിടിയിലായ ബംഗാൾ സ്വദേശിയെ 2017ൽ മലപ്പുറം എക്‌സൈസ് സ്‌ക്വാഡ് മൂന്ന് കിലോ കഞ്ചാവുമായി പിടികൂടിയിരുന്നു. ഈ കേസിൽ 2 മാസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഇവരെ ചോദ്യം ചെയ്തതിൽ ജില്ലയിലെ ചെറുതും വലുതുമായ നിരവധി കച്ചവടക്കാരെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. ഇവരെ നിരീക്ഷിച്ചു വരികയാണ്. നിരവധി ആളുകളാണ് ഇവർ പിടിയിലായതറിയാതെ ഇവരുടെ ഫോണിലേക്ക് വിളിച്ച് മയക്കുമരുന്ന് ആവശ്യപ്പെട്ടത്. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നും രാജസ്ഥാനിൽ നിന്നാണ് മയക്കുമരുന്ന് എത്തിച്ചിരുന്നതെന്ന് അറിവായിട്ടുണ്ട്. ഇവരെ കോടതിയിൽ ഹാജരാക്കി കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും.
നാർക്കോട്ടിക്ക് സെൽ ഡിവൈ.എസ്‌.പി പി.പി. ഷംസ്, മലപ്പുറം ഡിവൈ.എസ്‌.പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ കൊണ്ടോട്ടി സി.ഐ എൻ.ബി. ഷൈജു, എസ്‌.ഐ അഹമ്മദ് കുട്ടി, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ അബ്ദുൾ അസീസ്, സത്യനാഥൻ മനാട്ട്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് എന്നിവരെ കൂടാതെ എ.എസ്‌.ഐ മോഹൻദാസ്, സീനിയർ സി.പി.ഒ രാജേഷ്, ജലാൽ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.