puli
പുലിയിറങ്ങിയതായി അഭ്യൂഹമുള്ള ആനക്കയം ഗ്രാമപഞ്ചായത്തിലെ ഇരുമ്പുഴി വടക്കുംമുറിയിൽ ജനങ്ങളുടെ ഭീതിയകറ്റാൻ നടപടിയില്ല

മഞ്ചേരി: പുലിയിറങ്ങിയതായി അഭ്യൂഹമുള്ള ആനക്കയം ഗ്രാമപഞ്ചായത്തിലെ ഇരുമ്പുഴി വടക്കുംമുറിയിൽ ജനങ്ങളുടെ ഭീതിയകറ്റാൻ വനംവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന് പരാതി. രണ്ടാഴ്ചയായി മേഖലയിൽ പലയിടങ്ങളിൽ പുലിയെ കണ്ടെന്ന് നാട്ടുകാർ പരാതിപ്പെട്ടിരുന്നു. എന്നാൽ പ്രദേശം സന്ദർശിക്കാനോ കാൽപ്പാടുകൾ പരിശോധിച്ച് നിജസ്ഥിതി ബോദ്ധ്യപ്പെടുത്താനോ വനംവകുപ്പ് തയ്യാറായില്ലെന്നാണ് നാട്ടുകാരുടെ പരാതി. തെളിവ് കിട്ടട്ടെയെന്നാണ് വനംവകുപ്പ് പറയുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു.

കുറ്റിക്കാടുകളും പാറക്കെട്ടുകളും നിറഞ്ഞ ഇരുമ്പുഴി വടക്കുംമുറി മേഖലയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ നാലുപേരാണ് പുലിയെ കണ്ടെന്ന പരാതിയുമായി രംഗത്തു വന്നത്. ആനക്കയം ഗ്രാമപഞ്ചായത്തും മലപ്പുറം നഗരസഭയും അതിർത്തി പങ്കിടുന്ന പ്രദേശത്ത് നാട്ടുകാരനായ യുവാവാണ് രാത്രി ഒമ്പതോടെ പുലിയ ആദ്യമായി കണ്ടത്. ഇതോടെ ജനം ഭീതിയിലായി. നാട്ടുകാർ സംഘം ചേർന്ന് തെരച്ചിൽ നടത്തിയെങ്കിലും പുലിയെ കണ്ടെത്താനായില്ല. ഇതിനിടെ ചോലപ്പാറ, പാലത്തിങ്ങൽ, മഹേന്ദ്രപുരി ഭാഗങ്ങളിലും പുലിയെ കണ്ടെന്ന പരാതിയുയർന്നു. സ്ത്രീയടക്കമുള്ളവരാണ് പുലിയെ കണ്ടതായി പറയുന്നത്.കുറുക്കൻ, മുള്ളൻപന്നി, കാട്ടുപന്നി എന്നിവയുടെ ശല്യമുള്ള മേഖലയിൽ പുലിയെ കണ്ടെന്ന പരാതി ആദ്യമായാണ്. കണ്ടതു പുലി തന്നെയാണോയെന്ന് ഉറപ്പാക്കാൻ വനംവകുപ്പ് അടിയന്തര നടപടിയെടുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പുലിപ്പേടി

ഭീതി കാരണം രാത്രി പുറത്തിറങ്ങാതിരിക്കുകയാണ് നാട്ടുകാർ.

കുട്ടികളും സ്ത്രീകളും അടക്കമുള്ളവർ പകലും പുറത്തിറങ്ങാൻ ഭയക്കുന്നുണ്ട്.

അതിരാവിലെയും രാത്രിയും മദ്രസയിലേക്കും മറ്റും പോവാനും വരാനും കുട്ടികൾ ഭയക്കുകയാണ്.

നാട്ടിലെ യുവാക്കൾ ഇടയ്ക്കിടെ തെരച്ചിൽ നടത്തുകയും രാത്രി പടക്കം പൊട്ടിക്കുകയും ചെയ്ത് നാടിനു കാവലിരിക്കുകയാണ്.