തിരൂരങ്ങാടി: കോടതി വിധികളുടെ പശ്ചാത്തലത്തിൽ ഇരുചക്രവാഹനങ്ങളിലെ പിൻസീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ കർശന പരിശോധനയുമായി മോട്ടോർ വാഹന വകുപ്പ് എൻഫോഴ്‌സ്‌മെന്റ് വിഭാഗം രംഗത്ത്. ആദ്യദിനം ജില്ല ഒന്നാകെ നടത്തിയ ബോധവൽക്കരണത്തിന് പിന്നാലെയാണ് നടപടി തുടങ്ങിയത്. കൂടാതെ സീറ്റ് ബെൽറ്റ് പരിശോധനയും കർശനമാക്കിയിട്ടുണ്ട്. കോടതി വിധിയുടെ പശ്ചാത്തലത്തിൽ ജില്ലയിൽ ആദ്യമായാണ് പിൻസീറ്റ് യാത്രക്കാർക്കും ഹെൽമെറ്റ് കർശനമാക്കി പിഴ ഇടാക്കിയത്. എന്നാൽ നിയമം പാലിച്ച് ഇരുചക്രവാഹനങ്ങളിൽ രണ്ടുപേരും ഹെൽമറ്റ് ധരിച്ച് എത്തുന്നവരണങ്കിൽ അവരെ പ്രത്യേകം അഭിനന്ദിക്കുകയും ചെയ്യുന്നുമുണ്ട്.
തിരൂർ, പൊന്നാനി, മലപ്പുറം, മഞ്ചേരി, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂരങ്ങാടി, യൂണിവേഴ്‌സിറ്റി, വളാഞ്ചേരി, കുറ്റിപ്പുറം തുടങ്ങിയ ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ പരിശോധനയിൽ ഇരുചക്രവാഹനങ്ങളിൽ പിൻസീറ്റിൽ ഹെൽമെറ്റ് ധരിക്കാത്ത 49 പേർക്കെതിരെയും, ഹെൽമെറ്റ് ധരിക്കാതെ വാഹനമോടിച്ച് 54 പേർക്കെതിരെയും നടപടിയെടുത്തു. സീറ്റ് ബെൽറ്റ് ധരിക്കാത്ത 20 പേർക്കെതിരെയും നടപടിയെടുത്തു. പിഴ ഇനത്തിൽ 52,000 രൂപ ഈടാക്കി. തിങ്കളാഴ്ച നടന്ന പരിശോധനയിൽ ഹെൽമറ്റ് ധരിക്കാത്ത 60, സീറ്റ് ബെൽറ്റ് ധരിക്കാത്ത 14 കേസുകളിലുമായി 33000രൂപ പിഴ ഈടാക്കി.
ജില്ലാ എൻഫോഴ്‌സ്‌മെന്റ് ആർ ടി ഒ. ടി ജി ഗോഗുലിന്റെ നേതൃത്വത്തിൽ എം വി ഐ മാരായ എസ് എം മനോജ് കുമാർ, ഷാജി വർഗീസ്, കെ വി റെജിമോൻ, പി വി വിജേഷ്, വിനോദ് കുമാർ
എ എം വി ഐ മാരായ
വി എസ് സജിത്ത്, ടി പ്രബിൻ, കെ പ്രദീപ്, ഫസലുറഹ്മാൻ കെ ആർ റഫീഖ്, മുനീബ് അബാളി എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
എൻഫോഴ്‌സ്‌മെന്റ് വിഭാഗം പരിശോധന കർശനമാക്കിയതോടെ ഇരുചക്രവാഹനങ്ങൽ ഓടിക്കുന്നവരിൽ ഭൂരിഭാഗം ഹെൽമറ്റ് ധരിക്കുന്നുണ്ട്. വരുംദിവസങ്ങളിൽ പരിശോധന കർശനമാകുന്നതൊടെ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കും എന്നാണ് കരുതുന്നത്. എന്നാൽ ജില്ലയിൽ ചെറുപ്പക്കാർക്കിടയിൽ മാത്രമാണ് ഹെൽമറ്റ് ധരിക്കാത്ത പ്രവണത കൂടുന്നത് എന്നും ഇതിനെതിരെ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കുമെന്നും എൻഫോഴ്‌സ്‌മെന്റ് ജില്ലാ ആർ ടി ഒ ടി ജി ഗോഗുൽ പറഞ്ഞു