മഞ്ചേരി: മെഡിക്കൽ കോളേജിലെ മാലിന്യം അഴുക്കുചാലിൽ നിന്ന് റോഡിലേക്കൊഴുകുന്ന പ്രശ്നത്തിൽ ഒടുവിൽ അധികൃതർ ഇടപെട്ടു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ ശുചീകരണ തൊഴിലാളികൾ ഓട വൃത്തിയാക്കി. മലിനജലം പുറത്തേക്കൊഴുകുന്നത് സംബന്ധിച്ച് കേരളകൗമുദി ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് നടപടി. മെഡിക്കൽ കോളേജിലെ കക്കൂസ് മാലിന്യമടക്കമുള്ള മലിനജലം റോഡിലൂടെ പരന്നൊഴുകിയത് വ്യാപാരികൾക്കും കാൽനടയാത്രക്കാർക്കും വലിയ പ്രയാസമാണ് സൃഷ്ടിച്ചിരുന്നത്.
ബുധനാഴ്ച രാവിലെയാണ് ആരോഗ്യവിഭാഗം സ്ഥലത്തെത്തി ശുചീകരണ നടപടികൾ ആരംഭിച്ചത്. സ്ലാബുകൾ മാറ്റി ഓടയിലെ മാലിന്യം നീക്കം ചെയ്തു. മാസത്തിൽ രണ്ട് തവണയെങ്കിലും അഴുക്കുചാലിൽ നിന്ന് മലിനജലം പുറത്തേക്കൊഴുകിയിരുന്നു. ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്ക് വഴിയൊരുക്കുന്ന ഈ വിഷയത്തിൽ പൊതുജന പ്രതിഷേധവും ശക്തമാണ്. ഇതിന് അടിയന്തര പരിഹാരം കാണാനാണ് ഓടകൾ വൃത്തിയാക്കിയത്. എന്നാൽ ഈ വിഷയത്തിൽ ശാശ്വത പരിഹാരമായിട്ടില്ല. താത്കാലികമായി ഓട വൃത്തിയാക്കുന്നതിന് പകരം പൂർണ്ണമായും മാലിന്യം റോഡിലേക്ക് ഒഴുകാതിരിക്കാനുള്ള നടപടിയാണ് കൈക്കൊള്ളേണ്ടതെന്ന് വ്യാപാരികളും ടാക്സി ഡ്രൈവർമാരും ആവശ്യപ്പെടുന്നു.