മലപ്പുറം: ആരെങ്കിലും പരിഭാഷപ്പെടുത്തി സഹായിക്കാമോ ? കോൺഗ്രസ് മുൻ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിൽ കരുവാരക്കുണ്ട് ഗവൺമെന്റ് എച്ച്.എസ്.എസിലെ കുട്ടികളൊന്ന് അമ്പരന്നു. ഇത്ര വലിയ ആളുടെ പ്രസംഗത്തിന്റെ പരിഭാഷയോയെന്ന ആശ്ചര്യത്തിൽ മുഖത്തോടു മുഖം നോക്കുന്നതിനിടെ സദസിലെ മുൻനിരയിൽ നിന്നൊരു കൈ പൊങ്ങി.... ഞാൻ റെഡി - പ്ലസ്‌ടു സയൻസ് വിദ്യാർത്ഥിനി സഫ ഫെബി. രാഹുൽ ഗാന്ധിയുടെ പ്രസംഗം ഒഴുക്കോടെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തി സഫ സോഷ്യൽ മീഡിയയിലടക്കം താരമായി.
സ്‌കൂളിലെ സയൻസ് ലാബ് കെട്ടിടത്തിന്റെ ഉദ്ഘാടനത്തിനെത്തിയ രാഹുൽഗാന്ധി പ്രസംഗം തുടങ്ങിയ ശേഷമാണ് പരിഭാഷയ്‌ക്ക് സഹായം ചോദിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പരിഭാഷയ്‌ക്കായി തയ്യാറായി നിൽക്കുമ്പോഴായിരുന്നു അപ്രതീക്ഷിത ചോദ്യം.
വാക്കുകൾ ലളിതമാക്കിയും വേഗം കുറച്ചും രാഹുൽഗാന്ധി പ്രസംഗിച്ചപ്പോൾ സഫ കട്ടയ്‌ക്ക് നിന്നു. സഭാകമ്പം ഒട്ടുമില്ലാതെ വാക്കുകളും ആശയവും ഒഴുകിയപ്പോൾ കൂട്ടുകാരുടെ കൂട്ടകൈയടി. രാഹുൽഗാന്ധിയും ഹാപ്പി. സ്നേഹസമ്മാനമായി ചോക്ലേറ്റ് നൽകിയ രാഹുൽ നന്ദിയും അറിയിച്ചു. രാഹുൽ ഗാന്ധിയുടെ വലിയ ആരാധികയായ സഫയ്‌ക്ക് കൂടെ നിന്നൊരു ഫോട്ടോയെന്ന ആഗ്രഹവും സഫലമായി. പരിഭാഷ തെറ്റിയാലോയെന്ന് ഭയന്നപ്പോൾ കൂട്ടുകാരുടെ പിന്തുണ കരുത്തേകിയതായി സഫ പറഞ്ഞു.
ശാസ്ത്രം പഠിക്കാൻ തുറന്ന മനസാണ് വേണ്ടതെന്നും മറ്റുള്ളവരുടെ ആശയങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കണമെന്നും രാഹുൽഗാന്ധി കുട്ടികളോട് പറഞ്ഞു.
എല്ലാത്തിലും മിടുമിടുക്കി
അഞ്ചാം ക്ലാസ് മുതൽ ഇതേ സ്‌കൂളിലാണ് സഫ പഠിക്കുന്നത്. പത്തിലും പ്ലസ്‌വണ്ണിലും ഫുൾ എ പ്ലസ്. ജില്ലാ സ്കൂൾ കലോത്സവത്തിൽ അറബിക് പരിഭാഷയിൽ ഒന്നാമതെത്തിയിരുന്നു. മദ്രസ അദ്ധ്യാപകനും കരുവാരക്കുണ്ട് കുട്ടത്തി സ്വദേശിയുമായ കുഞ്ഞിമുഹമ്മദ് - സാറ ദമ്പതികളുടെ അഞ്ചുമക്കളിൽ ഇളയതാണ് സഫ. പഠന,പാഠ്യേതര പ്രവർത്തനങ്ങളിൽ മുന്നിലാണ് സഫയെന്ന് പ്രിൻസിപ്പൽ ജേക്കബ് പറഞ്ഞു.