പെരിന്തൽമണ്ണ: പ്രോസ്റ്റേറ്റ് ഗ്രന്ഥിയുടെ വീക്കത്തിന് അപൂർവ്വങ്ങളിൽ അപൂർവ്വമായ തുറന്ന ശസ്ത്രക്രിയ വിജയകരമാക്കി കിംസ് അൽഷിഫ. സൗദി അറേബിയയിലെ അൽ ഖത്തീഫ് സ്വദേശി മഹ്ദി അഹമ്മദ് അൽ ഇബ്രിക്ക് (52) ആണ് ശസ്ത്രക്രിയയ്ക്ക് വിധേയനായത്.
ഒരു വർഷത്തോളമായി സൗദി അറേബ്യയിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയെങ്കിലും പ്രോസ്റ്റേറ്റിന്റെ വലിപ്പം തടസമായി. ഉന്നത ചികിത്സയ്ക്കായി ബന്ധുവായ അലി ഹസ്സൻ അൽ ഹിലാലിനൊപ്പമാണ് മഹ്ദി അഹമ്മദ് പെരിന്തൽമണ്ണ കിംസ് അൽഷിഫ ആശുപത്രിയിലെത്തിയത്.
കൺസൾട്ടന്റ് യൂറോളജിസ്റ്റും ട്രാൻസ്‌പ്ളാന്റ് സർജനുമായ ഡോ. പി.എം. മുരളിയുടെയും അനസ്‌തെറ്റിസ്റ്റ് ഡോ. സാജന്റെയും നേതൃത്വത്തിലുള്ള വിദഗ്ദ്ധസംഘം മഹ്ദി അഹമ്മദിനെ തുറന്ന ശസ്ത്രക്രിയക്ക് വിധേയനാക്കി. അഞ്ച് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയക്കൊടുവിൽ 526 ഗ്രാം തൂക്കമുള്ള പ്രോസ്റ്റേറ്റ് പുറത്തെടുത്തു. രണ്ടുദിവസം തീവ്രപരിചരണ വിഭാഗത്തിൽ കിടത്തിയ ശേഷം റൂമിലേക്ക് മാറ്റി.
സാധാരണ പുരുഷന്മാരിൽ കണ്ടുവരുന്ന പ്രോസ്റ്റേറ്റിന്റെ അളവ് 50 മുതൽ 120 ഗ്രാം വരെയാണ്. ലോകത്ത് തുറന്ന ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത ഏറ്റവും വലിയ പ്രോസ്റ്റേറ്റായി രേഖപ്പെടുത്തിയിട്ടുള്ളത് യൂറോപ്പിലാണ് (750 ഗ്രാം). ഇന്ത്യയിൽ ലഭ്യമായ കണക്ക് വച്ച് ഇത്രയും വലിയ പ്രോസ്റ്റേറ്റ് നീക്കം ചെയ്തിട്ടില്ല. തുടർ പരിശോധനയിൽ കാൻസറിന്റേതായ ലക്ഷണങ്ങൾ കണ്ടെത്താനായിട്ടില്ല. മഹ്ദി അഹമ്മദിനെ ഡിസ്ചാർജ് ചെയ്തെങ്കിലും കത്തീറ്റർ മാറ്റാൻ ഈ ആഴ്ച അവസാനം വരെ ഇവിടെ തുടരും.
പത്ര സമ്മേളനത്തിൽ ഹോസ്പിറ്റൽ വൈസ് ചെയർമാനും എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ഡോ. പി ഉണ്ണീൻ, കൺസൾട്ടന്റ് യൂറോളജിസ്റ്റും ട്രാൻസ്‌പ്ളാന്റ് സർജനുമായ ഡോ. പി.എം. മുരളി, അനസ്തറ്റിസ്റ്റ് ഡോ. സാജൻ, ഓവർസീസ് മാനേജർ എൻ.പി. മുഹമ്മദ് അലി, ഹെൽത്ത് കെയർ പ്രൊമോഷൻ മാനേജർ പി.ടി അബ്ദുള്ള ഷാക്കിർ എന്നിവർ പങ്കെടുത്തു