rahul-gandi
രാഹുൽ ഗാന്ധി നിലമ്പൂരിൽ യു.ഡി.എഫ് കൺവൻഷൻ ഉദ്ഘാടനം ചെയ്യുന്നു

നിലമ്പൂർ: നോട്ട് നിരോധനത്തിലും ജി.എസ്.ടിയിലും സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളും അടിച്ചേൽപ്പിച്ച നരേന്ദ്ര മോദിയുടെ നയം രാജ്യത്തിന്റെ സാമ്പത്തിക അടിത്തറ തകർത്തെന്ന് രാഹുൽഗാന്ധി എം.പി പറഞ്ഞു. നിലമ്പൂർ ഒ.സി.കെ ഓഡിറ്റോറിയത്തിൽ നടന്ന യു.ഡി.എഫ് നിലമ്പൂർ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉള്ളിയുൾപ്പെടെയുള്ളവയുടെ വിലക്കയറ്റം രാജ്യത്തെ സാമ്പത്തിക ഭദ്രത തകരുന്നുവെന്നതിന്റെ സൂചനയാണ്. നിലമ്പൂർ നഞ്ചൻകോട് പാത യാഥാർത്ഥ്യമാക്കാനും വയനാട് രാത്രികാല യാത്രാ നിരോധനം നീക്കാനും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് പാർലമെന്റിൽ ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്തെ പ്രളയബാധിതർക്ക് നഷ്ടപരിഹാരം നൽകുന്നതോടൊപ്പം പുനരധിവാസവും വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ നടപടി ഊർജ്ജിതമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെ.ടി. കുഞ്ഞാൻ അദ്ധ്യക്ഷനായി. എ.ഐ.സി.സി. ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, മുൻമന്ത്രി ആര്യാടൻ മുഹമ്മദ്, എ.പി.അനിൽകുമാർ എം.എൽ.എ, ഡി.സി.സി പ്രസിഡന്റ് വി.വി.പ്രകാശ്, പി.ടി.അജയ് മോഹൻ, യു.എ.ലത്തീഫ്, വി.എ കരീം, എൻ.എ.കരീം, ആര്യാടൻ ഷൗക്കത്ത്, പത്മിനി ഗോപിനാഥ് , ഇസ്മായിൽ മൂത്തേടം, ടി.പി.അഷറഫലി, ഇ. മുഹമ്മദ് കുഞ്ഞി, വി.എസ്. ജോയി, എ.ഗോപിനാഥ് തുടങ്ങിയവർ പ്രസംഗിച്ചു. പ്രളയത്തിൽ തകർന്ന കുടുംബത്തിന് വിദ്യാർത്ഥികൾ നിർമ്മിച്ച വീടിന്റെ താക്കോൽദാനവും ചടങ്ങിൽ നടന്നു.സൈക്കിളിൽ നേപ്പാൾ വരെ പര്യടനം നടത്തി ശ്രദ്ധേയനായ അകമ്പാടത്തെ അബ്ദുൾ നദീമിനെയും ആദരിച്ചു. ഗ്രാനൈറ്റിൽ തീർത്ത രാഹുൽ ഗാന്ധിയുടെ ച്ഛായാചിത്രവും ചടങ്ങിൽ പട്ടിക്കാടൻ ഷാനവാസ് രാഹുൽ ഗാന്ധിക്ക് കൈമാറി. ഉച്ചയോടെ തന്നെ നൂറുകണക്കിന് പ്രവർത്തകരാണ് രാഹുൽഗാന്ധിയെ കാണാനായി ഒ.സി.കെ ഓഡിറ്റോറിയത്തിലേക്ക് എത്തിയിരുന്നത്.