മുസ്തഫ ചെറുമുക്ക്
തിരൂരങ്ങാടി: മനസ്സിൽ പ്രതീക്ഷയുടെ വിത്ത് പാകി കർഷകർ ഇനിമുതൽ നെൽവയലിലേക്ക്. പാടങ്ങളിൽ വിത്ത് വിതറുന്നതിന്റെ ഒരുക്കത്തിലാണ് കർഷകർ.
തിരൂരങ്ങാടി നഗരസഭ പരിധിയിൽ ഇത്തവണ വലിയതോതിൽ കൃഷിയിറക്കുമെന്ന് കൃഷി ഉദ്യോഗസ്ഥർ പറയുന്നു. മുണ്ടകൻ, ജ്യോതി, ഉമ എന്നീ ഇനങ്ങളിൽ പെട്ട വിത്തുകളാണ് ഇത്തവണ ഉപയോഗിക്കുക. 35 ഏക്കറിലാണ് മുണ്ടകൻ കൃഷിയിറക്കുക. 130 ഏക്കറിൽ ജ്യോതി, ഉമ ഇനം വിത്തുകൾ കൃഷിയിറക്കും.
നന്നമ്പ്രയിൽ 370 ലേറെ ഏക്കർ ഭൂമിയിലാണ് കൃഷിയിറക്കുക. ജ്യോതി, ഉമ ഇനം വിത്തുകൾക്കാണ് പ്രാധാന്യം നൽകുന്നത്. മണ്ണട്ടംപാറയിൽ ഷട്ടർ അടയ്ക്കുമെന്നും വെഞ്ചാലിയിലും സമീപ പ്രദേശങ്ങളിലും മുളയും മറ്റും ഉപയോഗിച്ച് താത്കാലിക തടയണ നിർമ്മിക്കുമെന്നും നന്നമ്പ്ര കൃഷി ഓഫീസർ പറഞ്ഞു.
ഈ പ്രാവശ്യം ആവശ്യത്തിന് മഴ ലഭിച്ചതിനാലും നിലവിൽ വലിയ തോടുകളിലും മറ്റും വെള്ളം ഉള്ളതിനാലും കർഷകർ വലിയ ആത്മവിശ്വാസത്തിലാണ്.
സാധാരണ പോലെ ഉയരം കൂടിയ പ്രദേശങ്ങളിൽ നിലമൊരുക്കി ഞാർ നടീൽ തുടങ്ങിയിട്ടുണ്ട്.
ഞാർ നടുവാൻ സ്ത്രീകൾ കുറഞ്ഞതിനാൽ അന്യസംസ്ഥാനക്കാരെ ഉപയോഗപെടുത്തിയാണ് ഇത്തവണയും നടീൽ. കഴിഞ്ഞതവണജലദൗർലഭ്യത അനുഭവപ്പെട്ടതിനാൽ നന്നമ്പ്രയിൽ വിളവെടുക്കാൻ സമയമെടുത്തു. ചെറുമുക്ക്, കൊടിഞ്ഞി പ്രദേശങ്ങളിൽ നെല്ലുകൾ കരിഞ്ഞുണങ്ങുന്നത് കണ്ടുനിൽക്കാനാവാതെ വാഹനങ്ങളിൽ വെള്ളമെത്തിച്ചാണ് കർഷകർ വിള സംരക്ഷിച്ചത്.