മലപ്പുറം:ധീരമായ ഇടപെടൽ കൊണ്ട് പൊതുമണ്ഡലത്തിൽ ചർച്ച ചെയ്യപ്പെട്ട മൂന്ന് ബാലതാരങ്ങൾ മലപ്പുറം പ്രസ് ക്ളബ്ബിൽ ഒത്തുചേർന്നു. രാഹുൽഗാന്ധിയുടെ പ്രസംഗം പരിഭാഷ ചെയ്ത് ശ്രദ്ധനേടിയ കരുവാരക്കുണ്ട് സ്കൂളിലെ സഫ ഫെബിൻ, സഹപാഠിയുടെ മരണത്തിലുണ്ടായ അനാസ്ഥയ്ക്കെതിരെ ശക്തമായി പ്രതികരിച്ച ബത്തേരി സർവജന സ്കൂളിലെ കെ. കീർത്തന, നിദ ഫാത്തിമ എന്നിവരാണ് ഒത്തുചേർന്നത്.
ഇനിയും റെഡി
രാഹുൽ ഗാന്ധി ഇനിയും പരിഭാഷപ്പെടുത്താൻ ആവശ്യപ്പെട്ടാൽ താൻ റെഡിയാണെന്ന് സഫ ഫെബിൻ പറഞ്ഞു.രാഹുൽ ഗാന്ധി വന്നപ്പോൾ പരിഭാഷപ്പെടുത്താൻ ഊർജ്ജം പകർന്നത് സുഹൃത്തുക്കളാണ്. അതിൽ മാത്രം ശ്രദ്ധ ചെലുത്തിയപ്പോൾ പരിഭാഷ വഴങ്ങി.
രാഹുൽ ഗാന്ധിയുടെ പരിഭാഷ സമയത്ത് പേടിയുണ്ടായിരുന്നില്ല. ഇപ്പോഴാണ് ഭയം തോന്നുന്നത്. എന്തെങ്കിലും പറഞ്ഞാൽ വാക്ക് പിഴയ്ക്കുമോ എന്ന് പേടിയാണ്. ഇംഗ്ലീഷ് പുസ്കങ്ങൾ ധാരാളം വായിക്കുന്നതിനാൽ പരിഭാഷ എളുപ്പമായി. മാതാപിതാക്കളും അദ്ധ്യാപകരുമാണ് എല്ലാ കാര്യങ്ങൾക്കും പ്രോത്സാഹനം നൽകിയത്. അവരോടാണ് കടപ്പാടുള്ളത്.
സ്കൂൾ പ്രശ്നങ്ങളിൽ കുട്ടികളുടെ ഭാഗത്ത് നിന്ന് സംസാരിക്കാൻ കലാലയ രാഷ്ട്രീയം ആവശ്യമാണ്. അ
ക്രമത്തിലേക്ക് നീങ്ങുന്ന രാഷ്ട്രീയത്തോട് താത്പര്യമില്ല. സൗഹൃദ രാഷ്ട്രീയമാണ് സ്കൂളിൽ ആവശ്യം.
നയിച്ചത് ശരിയെന്ന
ബോദ്ധ്യം
അദ്ധ്യാപകർ പ്രതിസ്ഥാനത്ത് നിന്നപ്പോൾ ഇടപെടാൻ ഭയമുണ്ടായില്ലെന്നും ശരിയുടെ പക്ഷത്താണ് ഉറച്ച് നിന്നതെന്ന ബോധം ഉണ്ടായിരുന്നെന്നും നിദ ഫാത്തിമയും കീർത്തനയും പറഞ്ഞു. സുഹൃത്തിന്റെ മരണത്തിന് ഇടയാക്കിയ സംഭവത്തിൽ എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. അതാണ് ധൈര്യത്തോടെ പറഞ്ഞത്. ഇതിന് മാതാപിതാക്കളുടെയും കൂട്ടുകാരുടെയും പിന്തുണ ഉണ്ടായിരുന്നു. തളർത്താൻ ഒരുപാട് പേരുണ്ടാകും. ഇതിലൊന്നും ശ്രദ്ധ ചെലുത്തരുതെന്ന് അദ്ധ്യാപകർ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ കളിക്കാൻ പോലും സമയം കിട്ടുന്നില്ല. എപ്പോഴും തിരക്കാണ്. തുറന്ന് പറച്ചിലിന് ഇതു വരെ ഭീഷണിപ്പെടുത്തലൊന്നും ആരുടെയും ഭാഗത്ത് നിന്നുണ്ടായിട്ടില്ല.
സ്കൂളിലെ പ്രശ്നങ്ങൾ തുറന്ന് പറയാൻ രാഷ്ട്രീയം ആവശ്യമില്ല. തമ്മിലടിയായിരിക്കും ഇതുണ്ടാക്കുക. തനിക്ക് രാഷ്ട്രീയചായ്വുണ്ടെന്ന രീതിയിൽ നടന്ന പ്രചാരണം ശരിയല്ലെന്നും നിദഫാത്തിമ കൂട്ടിച്ചേർത്തു.
ചടങ്ങിൽ എ.പി അനിൽകുമാർ എം.എൽ.എ മൂവരേയും ആദരിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് ഷുസുദ്ദീൻ മുബാറക് അദ്ധ്യക്ഷത വഹിച്ചു.