മലപ്പുറം: ഉറപ്പിച്ചിടൽ കല്യാണത്തിന് പൂട്ടിടാൻ ശക്തമായ നടപടികൾക്കൊരുങ്ങി അധികൃതർ. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെ നേതൃത്വത്തിൽ ബാലവിവാഹത്തിനെതിരെ നടപടികൾ ശക്തമാക്കിയതോടെ പരസ്യമായും രാത്രിയുടെ മറവിലുമുള്ള കല്യാണങ്ങളിൽ നിന്ന് ഉറപ്പിച്ചിടലിലേക്ക് ചുവടുമാറ്റിയിട്ടുണ്ട്. 18 തികയുന്ന മുറയ്ക്ക് കല്യാണമെന്നാണ് ഇതിലെ നിബന്ധന. ഹയർസെക്കൻഡറി വിദ്യാർത്ഥികളെയാണ് ലക്ഷ്യമിടുന്നത്. ഇരുകുടുംബങ്ങളും തമ്മിൽ രഹസ്യമായി വാക്കാലുള്ള ഉടമ്പടിയാണെന്നതിനാൽ വിവാഹക്കാര്യം പുറത്തറിയുകയുമില്ല. കുട്ടികളുടെ ചിന്തയെയും പഠന നിലവാരത്തെയുമിത് പ്രതികൂലമായി ബാധിക്കുന്നുണ്ട്. ജില്ലയിലെ ഹയർസെക്കൻഡറികളിൽ വൈകാതെ ബാലവിവാഹ വിരുദ്ധ ബോർഡുകൾ സ്ഥാപിക്കും. ജില്ലയിൽ ബാലവിവാഹങ്ങൾ കൂടുതലും നടക്കുന്നത് ഏപ്രിൽ, മേയ് മാസങ്ങളിലാണ്. ഇതിനുമുമ്പെ ബോധവത്കരണമടക്കമുള്ള വിവിധ പരിപാടികളാണ് അധികൃതർ ആവിഷ്ക്കരിച്ചിട്ടുള്ളത്.