മലപ്പുറം: ജില്ലയിലെ ഏക സർക്കാർ വനിതാ കോളേജായ മലപ്പുറം വനിതാ കോളേജിന് സ്വന്തം കെട്ടിടം വൈകാതെ യാഥാർത്ഥ്യമാവും.
പാണക്കാട് ഇൻകെൽ എഡ്യുസിറ്റിയിൽ റവന്യൂ വകുപ്പ് ഏറ്റെടുത്ത അഞ്ചേക്കർ ഭൂമി ഇന്നലെ കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. പി.ഉബൈദുള്ള എം.എൽ.എയുടെ സാന്നിദ്ധ്യത്തിൽ എ.ഡി.എം എൻ.എം.മെഹറലി കോളേജ് പ്രിൻസിപ്പൽ ഡോ.പി.സുഭാഷിന് രേഖകൾ കൈമാറി. എം.എൽ.എ ഫണ്ടിൽ നിന്നനുവദിച്ച മൂന്ന് കോടി രൂപ ഉപയോഗിച്ച് കെട്ടിട നിർമ്മാണ നടപടികൾ വൈകാതെ ആരംഭിക്കും. 10 കോടി രൂപ കൂടി സർക്കാർ വകയിരുത്തിയിട്ടുണ്ടെങ്കിലും ഇതിന് ഭരണാനുമതി ലഭിച്ചിട്ടില്ല. ഇൻകെല്ലിന്റെ ഭൂമി അനുവദിച്ചു കിട്ടുന്നതിൽ വന്ന കാലതാമസമാണ് സ്വന്തം കാമ്പസെന്ന ആവശ്യം നീളാൻ ഇടയാക്കിയത്.
ഭൂമി അനുവദിച്ചു കിട്ടിയതോടെ പ്രധാന കടമ്പ കടന്നെങ്കിലും കെട്ടിട നിർമ്മാണ ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാവേണ്ടതുണ്ട്.
അടുത്ത അദ്ധ്യയന വർഷത്തോടെ സ്വന്തം കാമ്പസെന്ന ആവശ്യം യാഥാർത്ഥ്യമാവുമെന്നാണ് പ്രതീക്ഷ. ഭൂമി അനുവദിച്ചു കിട്ടിയതിനാൽ തുടർനടപടികൾക്ക് വേഗം കൂടും.
ഡോ.പി.സുഭാഷ്, പ്രിൻസിപ്പൽ