മലപ്പുറം: അടുക്കളയും ടോയ്ലെറ്റും തൊട്ടുരുമ്മി നിൽക്കുന്ന ഹോട്ടൽ മലപ്പുറത്ത് നഗരമദ്ധ്യത്തിൽ തന്നെയുണ്ട്. ഇത്തരത്തിൽ തീർത്തും അനാരോഗ്യകരമായ സാഹചര്യങ്ങളിൽ ഭക്ഷണം നൽകുന്ന ഹോട്ടലുകൾക്ക് ജില്ലയിൽ ഒട്ടും പഞ്ഞമില്ല. പരാതികൾ പെരുകുമ്പോൾ പരിശോധന യജ്ഞവുമായി ഇറങ്ങുന്ന അധികൃതർക്ക് പിന്നെ അനക്കമുണ്ടാവില്ല. കാര്യം അന്വേഷിക്കുമ്പോൾ ജീവനക്കാരുടെ കുറവും ജോലിഭാരവുമടക്കം ചൂണ്ടിക്കാട്ടി നിസ്സഹായരാവും. ജില്ലയിൽ താഴേത്തട്ടിലെ ആരോഗ്യപ്രവർത്തകരുടെ കുറവ് പൊതുജനാരോഗ്യ സംരക്ഷണ പ്രവർത്തനങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ എണ്ണം ജില്ലയിൽ ആവശ്യമുള്ളതിന്റെ മൂന്നിലൊന്ന് പോലുമില്ലാത്ത അവസ്ഥയാണ്. 12 നഗരസഭകളിലായി 62 ഹെൽത്ത് ഇൻസ്പെക്ടർമാരാണുള്ളത്. 5,000 പേർക്ക് ഒരുഹെൽത്ത് ഇൻസ്പെക്ടറെങ്കിലും വേണമെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതുപ്രകാരം 160 പേർ വേണം.
ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള മലപ്പുറം നഗരസഭയിൽ ആറ് തസ്തികകളാണുള്ളത്. ഫീൽഡിലെ പ്രവർത്തനങ്ങൾക്കായി രണ്ട് ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരും. ജില്ലയിലെ മറ്റ് നഗരസഭകളിലും സമാനമായ അവസ്ഥയാണ്. മഞ്ചേരി, മലപ്പുറം, പെരിന്തൽമണ്ണ, പൊന്നാനി, തിരൂർ നഗരസഭകളിൽ രൂപവത്കരിച്ച കാലത്തുള്ളത്ര ജീവനക്കാരേയുള്ളൂ. പുതിയ നഗരസഭകളിലും ആനുപാതികമായ തസ്തികകളില്ല. ജനസംഖ്യാനുപാതികമായി തസ്തികയുടെ എണ്ണം വർദ്ധിപ്പിക്കണമെന്ന ആവശ്യം സർക്കാരുകൾ പരിഗണിക്കാറില്ല. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് ഇൻസ്പെക്ടർ, ഹെൽത്ത് സൂപ്പർവൈസർ തസ്തികകളിലും ഒഴിവുകളുണ്ട്.
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതപ്പെടുത്തേണ്ട ഫീൽഡ് വിഭാഗം ജീവനക്കാരാണ് ഹെൽത്ത് ഇൻസ്പെക്ടർമാർ. ഇവരുടെ ഒഴിവ് മാലിന്യ നിർമ്മാർജനം, കൊതുക് നശീകരണം, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയെ താളംതെറ്റിക്കും.
ഹോട്ടലുകൾ ഉൾപ്പെടെയുള്ള ഭക്ഷണ വിതരണ കേന്ദ്രങ്ങളിലെ പരിശോധന യഥാസമയങ്ങളിൽ നടത്തേണ്ടതും നഗരസഭകൾക്ക് കീഴിലെ ഹെൽത്ത് ഇൻസ്പെക്ടർമാരാണ്.
കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ സൃഷ്ടിച്ചാൽ പൊതുജനാരോഗ്യ നിയമപ്രകാരം പിഴ ചുമത്താനുള്ള അധികാരവും ഹെൽത്ത് ഇൻസ്പെക്ടർമാർക്കുണ്ട്.
വിഷാംശം കലർന്ന മത്സ്യം വിൽക്കുന്നവർക്കെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗം പരിശോധനകൾ നടത്തുന്നുണ്ടെങ്കിലും നഗരസഭ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കൂടി പങ്കാളിത്തമുണ്ടെങ്കിൽ കൂടുതൽ ഫലപ്രദമാക്കാനാവും.