നിലമ്പൂർ: തൂക്കുപാലം പ്രളയത്തിൽ തകർന്നതിനെ തുടർന്ന് അടച്ചിട്ട നിലമ്പൂരിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായ കനോലി പ്ലോട്ടിൽ ബദൽ സംവിധാനം വേണമെന്ന ആവശ്യം ശക്തമാകുന്നു. പുതിയ പാലത്തിനായി തുക അനുവദിച്ചിട്ടുണ്ടെങ്കിലും യാഥാർത്ഥ്യമാവാൻ മാസങ്ങളെടുക്കുമെന്ന സാഹചര്യത്തിലാണ് ഈ ആവശ്യമുയരുന്നത്. ഇത്തവണത്തെ വിനോദസഞ്ചാര സീസൺ ആരംഭിച്ചതോടെ നിരവധി സഞ്ചാരികളാണ് ഇവിടെയെത്തി നിരാശരായി മടങ്ങിപ്പോകുന്നത്. വനംവകുപ്പിന് ഉണ്ടാകുമായിരുന്ന ലക്ഷങ്ങളുടെ വരുമാനവും ഈ സീസണിൽ നഷ്ടമാകും. കനോലി പ്രവേശന കവാടത്തിനു സമീപത്തെകച്ചവടക്കാരുടെ വരുമാനത്തിലും വൻ ഇടിവുണ്ടായി. കേന്ദ്രത്തിലെ താത്കാലിക സ്ത്രീ തൊഴിലാളികൾക്കും ജോലി നഷ്ടപ്പെട്ടു. കഴിഞ്ഞ പ്രളയത്തിൽ പുഴക്കരയിലെ വൻമരം വീണ് തൂക്കുപാലം തകർന്നതോടെയാണ് കേന്ദ്രത്തിലേക്കുള്ള പ്രവേശനം നിരോധിച്ചത്. തൂക്കുപാലം പുനർനിർമ്മാണത്തിന് 69 ലക്ഷം രൂപയുടെ പദ്ധതിക്ക് അനുമതിയായിട്ടുണ്ടെങ്കിലും ടെൻഡർ ഉൾപ്പെടെ ആരംഭിക്കാനിരിക്കുന്നതേയുള്ളൂ. പുതിയ തൂക്കുപാല നിർമ്മാണം പൂർത്തിയാവാൻ മാസങ്ങളെടുക്കുമെന്നുറപ്പാണ്. ഈ സാഹചര്യത്തിൽ പഴയ രീതിയിൽ തോണി സർവ്വീസ് ആരംഭിച്ച് സഞ്ചാരികൾക്കും സമീപത്തെ ആദിവാസി കോളനിവാസികൾക്കും ഉപകാരപ്രദമാക്കണമെന്ന് ആവശ്യമുയരുന്നുണ്ട്.
ബോട്ട് സർവീസിന് ആവശ്യം
ചാലിയാറിൽ ബോട്ട് സർവ്വീസിനായി പദ്ധതി ഫോറസ്റ്റ് ഡവലപ്പ്മെന്റ് ഏജൻസി വഴി ഉന്നതതലത്തിലേക്ക് സമർപ്പിച്ചിരുന്നെങ്കിലും നടപ്പിലാക്കാനായിട്ടില്ല.
സഞ്ചാരികൾക്ക് പുതുമയുള്ള അനുഭവവുമാവും ബോട്ട് സർവ്വീസ്.
നിലവിൽ സുരക്ഷാ നിരീക്ഷണത്തിന് ആളില്ലാത്തതിനാൽ തകർന്ന പാലത്തിലൂടെ ആളുകൾ കടന്നു പോകുന്നത് അപകടസാദ്ധ്യതയും ഉയർത്തുന്നുണ്ട്.
ബോട്ട് സർവ്വീസോ താത്കാലിക തോണി സർവ്വീസോ നടത്തി പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് നാട്ടുകാരുടെ ആവശ്യം.