തിരൂരങ്ങാടി : പൊട്ടിപ്പൊളിഞ്ഞ് കിടക്കുകയായിരുന്ന തിരൂരങ്ങാടി - കൊളപ്പുറം റോഡ് നവീകരിക്കുന്നു. ഇതു സംബന്ധിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. റോഡിന്റെ വീതി കൂട്ടുന്നതിന്റെ ഭാഗമായി ഇരുവശങ്ങളും ജെ.സി.ബി ഉപയോഗിച്ച് നിരത്താൻ തുടങ്ങിയിട്ടുണ്ട്. പുതുവർഷത്തിന് മുമ്പായി പണികൾ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. റോഡിന്റെ വീതി അഞ്ചര മീറ്ററിൽ നിന്ന് ഏഴര മീറ്ററാക്കി വർദ്ധിപ്പിക്കുന്നുണ്ട്.
റോഡിലെ കയറ്റിറക്കങ്ങൾ ശരിയാക്കാനായി പൊളിച്ച റോഡ് ഇതുവരെ നന്നാക്കാത്തതിനാൽ പൊടിതിന്ന് ജീവിക്കുകയായിരുന്നു നാട്ടുകാർ. വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഇതുവഴി നടക്കാൻ പറ്റാത്ത അവസ്ഥയാണ്. തിരൂർ, താനൂർ, നന്നമ്പ്ര, തിരൂരങ്ങാടി ഭാഗങ്ങളിൽ നിന്നുള്ളവർക്ക് കരിപ്പൂർ വിമാനത്താവളത്തിലേക്ക് എത്താനുള്ള ഏക റോഡാണിത്. മഴയെ പഴിചാരിയാണ് കരാറുകാരൻ പ്രവൃത്തി പാതിവഴിയിലിട്ടതെങ്കിൽ മഴ മാറിനിന്നിട്ടും ടാറിംഗ് അടക്കമുള്ള പണികൾ തുടങ്ങിയിരുന്നില്ല. കേടുപാടില്ലാത്ത ഇടങ്ങളിലടക്കം റോഡ് പൊളിച്ചിരുന്നു. രൂക്ഷമായ പൊടിശല്യത്തെ തുടർന്ന് പ്രദേശത്തെ ജനജീവിതം ദുസ്സഹമായിരുന്നു. രാത്രിയിൽ അപകടങ്ങളും വർദ്ധിച്ചു. റോഡ് നവീകരണം പൂർത്തിയാവുന്നതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ