uparodham
സി.പി.എം ജനപ്രതിനിധികൾ നിലമ്പൂർ തഹസിൽദാരെ ഉപരോധിക്കുന്നു

മലപ്പുറം: പ്രളയ ദുരന്ത ബാധിതർക്കുള്ള അടിയന്തര സഹായ വിതരണ നടപടികൾ ഉദ്യോഗസ്ഥർ അട്ടിമറിക്കുകയാണെന്ന ആരോപണവുമായി വിവിധ പഞ്ചായത്തുകളിലെ സി.പി.എം ജനപ്രതിനിധികൾ നിലമ്പൂർ തഹസിൽദാരെ ഉപരോധിച്ചു. വഴിക്കടവ്, എടക്കര, മൂത്തേടം,പോത്തുകൽ, ചുങ്കത്തറ പഞ്ചായത്തുകളിൽ നിന്നുള്ള അമ്പതോളം സി.പി.എം അംഗങ്ങളാണ് മുതിർന്ന നേതാക്കളോടൊപ്പം രാവിലെ 10.30 ഓടെ നിലമ്പൂർ തഹസിൽദാർ സുഭാഷ് ചന്ദ്രബോസിനു മുന്നിലെത്തിയത്. പ്രളയത്തെ തുടർന്ന് ക്യാമ്പുകളിൽ കഴിഞ്ഞിരുന്ന മുഴുവൻ പേർക്കും സർവേ നടത്തി ഉൾപ്പെടുത്തിയവർക്കും സഹായമെത്തിക്കുന്നതിൽ വീഴ്ച വന്നു. ഇതു സംബന്ധിച്ച് മുകളിൽ നിന്നുള്ള നിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടെന്ന് തഹസിൽദാർ പ്രതിഷേധക്കാരെ അറിയിച്ചു. ഏകദേശം ഒരു മണിക്കൂറോളം നേരം നടത്തിയ ചർച്ചയെ തുടർന്ന് താത്കാലിക പ്രശ്‌ന പരിഹാരമായി. ക്യാമ്പിൽ രജിസ്റ്റർ ചെയ്തിട്ടും ധനസഹായം ലഭിക്കാത്തവരെ കണ്ടെത്താൻ അഞ്ച് വില്ലേജുകളിലായി ബുധൻ, വ്യാഴം ദിവസങ്ങളിൽ പ്രത്യേക അദാലത്ത് നടത്തും. മറ്റുള്ളവരുടെ കാര്യത്തിൽ നിലവിൽ ധനസഹായം തുടരുന്നുണ്ടെന്നും പിന്നീട് വരുന്നവരെ കണ്ടെത്തി ലിസ്റ്റിൽ ഉൾപ്പെടുത്തുന്ന നടപടികൾ സർക്കാർ നിർദ്ദേശ പ്രകാരം നടത്തുമെന്നും പറഞ്ഞതോടെ പ്രതിഷേധക്കാർ മടങ്ങിപ്പോയി. തിരുവനന്തപുരത്തു നിന്നും നേരിട്ട് ദുരിത ബാധിതരുടെ ബാങ്ക് അക്കൗണ്ടിലേക്ക് നൽകുന്ന സഹായങ്ങളിൽ സാങ്കേതിക പ്രശ്‌നങ്ങൾ സംഭവിക്കുന്നുണ്ടെങ്കിൽ ഇവ പരിഹരിക്കുമെന്നും തഹസിൽദാർ പറഞ്ഞു.