മഞ്ചേരി: ശബരിമല തീർത്ഥാടകരുടെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച രണ്ടംഗ സംഘം വാഴക്കാട് ഓമാനൂരിൽ പൊലീസിന്റെ പിടിയിലായി. എട്ട് കിലോഗ്രാം സംഘത്തിൽ നിന്നു പിടിച്ചെടുത്തു. കൊണ്ടോട്ടി ഒന്നാം മയിൽ കാളൂത്ത് സ്വദേശികളായ കുന്നത്തുംപൊറ്റ സുജിത്ത്(29) സുജിൻ (30) എന്നിവരാണ് ഓമാനൂരിൽവെച്ച് വാഴക്കാട് പൊലീസിന്റെ പിടിയിലായത്. ശബരിമല തീർഥാടകരെന്ന വ്യാജേന കറുപ്പ് വസ്ത്രവും മാലയും ധരിച്ച് കാറിൽ കഞ്ചാവ് കടത്തുന്നതിനിടെ വാഴക്കാട് എസ്.ഐ.ഫസലുൽ ആബിന്റെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക് സ്‌ക്വാഡ് പിടികൂടുകയായിരുന്നു.
വാടകക്കെടുക്കുന്ന കാറുകളിൽ തമിഴ്‌നാട്ടിലെ കമ്പം തേനി ഭാഗങ്ങളിൽ നിന്നും ശേഖരിക്കുന്ന കഞ്ചാവ് ജില്ലയിലെത്തിച്ചു വിൽപ്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. കഞ്ചാവ് വിൽപന രംഗത്ത് സജീവമായ സംഘം ആദ്യമായാണ് പൊലീസിന്റെ പിടിയിലാവുന്നത്. കൊണ്ടോട്ടി വാഴക്കാട് ഭാഗങ്ങൾ കേന്ദ്രീകരിച്ചു കഞ്ചാവ് വിൽപ്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് ഇവരിൽ നിന്നു വ്യക്തമായ വിവരങ്ങൾ ലഭിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഈ ദിശയിൽ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. ജില്ലാ പൊലീസ് മേധാവി യു.അബ്ദുൾ കരീമിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നാർക്കോട്ടിക്ക് സെൽ ഡി.വൈ.എസ്.പി. പി.പി.ഷംസ്, മലപ്പുറം ഡി.വൈ.എസ്.പി ജലീൽ തോട്ടത്തിൽ എന്നിവരുടെ നേത്യത്വത്തിൽ വാഴക്കാട് സി.ഐ. കുഞ്ഞിമോയിൻ കുട്ടി എസ്.ഐ. ഫസലുൽ ആബിദ്, ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണികൃഷ്ണൻ , പി. സഞ്ജീവ്, വാഴക്കാട് എസ്.ഐ സുബ്രമണ്യൻ, എ.എസ്.ഐ. ബാബുരാജ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ കൃഷ്ണദാസ്, സിവിൽ പൊലീസ് ഓഫീസർ മൻസൂർ എന്നിവരാണ് കേസിൽ തുടരന്വേഷണം നടത്തുന്നത്.