nilambur
​സ​തേ​ൺ​ ​റെ​യി​ൽ​വേ​ ​ജ​ന​റ​ൽ​ ​മാ​നേ​ജ​ർ​ ​ജോ​ൺ​ ​തോ​മ​സ് നിലമ്പൂർ സ്റ്റേഷനിലെത്തിയപ്പോൾ

നിലമ്പൂർ: നിലമ്പൂർ-ഷൊർണ്ണൂർ പാതയിൽ രാത്രികാല സർവ്വീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയതായി സതേൺ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസ് പറഞ്ഞു. അടുത്ത രണ്ടുമാസത്തിനുള്ളിൽ ഈപാതയിൽ രാത്രി സർവ്വീസ് ആരംഭിക്കും. നിലമ്പൂർ ഷൊർണ്ണൂർ പാതയിലെ പരിശോധനകൾക്കായി എത്തിയതായിരുന്നു ജനറൽ മാനേജർ. വെള്ളിയാഴ്ച വൈകീട്ട് 5.30 ഓടെയാണ് പ്രത്യേക ഇൻസ്‌പെക്ഷൻ ട്രെയിനിൽ ജനറൽ മാനേജർ നിലമ്പൂരിലെത്തിയത്. പാലക്കാട് ഡി.ആർ.എം പ്രതാപ് സിംഗ് ഷമി, പ്രിൻസിപ്പൾ ചീഫ് കൊമേഴ്‌സ്യൽ മാനേജർ പ്രിയംവദ വിശ്വനാഥ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ നീനു ഇട്ട്യേര, തുടങ്ങിയവരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ജനറൽ മാനേജറോടൊപ്പം ഉണ്ടായിരുന്നു. റെയിൽവേ സ്റ്റേഷനിലെ വികസന പ്രവർത്തനങ്ങൾ പരിശോധിച്ച ജി.എം. വിശ്രമമുറിയിൽ വെച്ച് നിലമ്പൂർ നഞ്ചൻകോട് റെയിൽവേ ആക്ഷൻ കൗൺസിൽ പ്രതിനിധികളുമായും നഗരസഭ ചെയർപേഴ്‌സൺ പത്മിനി ഗോപിനാഥുമായും ചർച്ചകൾ നടത്തി. നിലമ്പൂരിൽ നിന്നും രാജ്യറാണി ഉപയോഗപ്പെടുത്തി അധിക ഡേ എക്‌സ്പ്രസ്സ് തുടങ്ങുന്ന കാര്യമുൾപ്പെടെ നിരവധി ആവശ്യങ്ങൾ പരിഗണിക്കണമെന്ന് ഇവർ നിവേദനം നൽകി. രാമൻകുത്ത് റെയിൽവേയുടെ അധീനതയിലുള്ള പഴയകാല കിണർ വൃത്തിയാക്കി സംരക്ഷിക്കുന്നതിനുള്ള നടപടികൾ ആവശ്യപ്പെട്ട് നഗരസഭ ചെയർപേഴ്‌സന്റെ നേതൃത്വത്തിൽ നിവേദനം നൽകി. രാജ്യറാണി തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടുന്ന കാര്യം സംബന്ധിച്ച് ആര്യാടൻ ഷൗക്കത്തും അധികൃതരുടെ പരിഗണന ആവശ്യപ്പെട്ടു. ഒരുമണിക്കൂറോളം സ്‌റ്റേഷനിൽ ചെലവിട്ട ശേഷമാണ് ജനറൽ മാനേജർ മടങ്ങിപ്പോയത്. ജനറൽ മാനേജർ ആയി ചുമതലയേറ്റ ശേഷം ആദ്യമായാണ് ഇദ്ദേഹം നിലമ്പൂർ ഷൊർണ്ണൂർ പാത സന്ദർശിക്കുന്നത്.