മലപ്പുറം: വിദ്യാലയമെന്നാൽ കെട്ടിടങ്ങൾ മാത്രമല്ല, കെട്ടിടത്തിനകത്ത് നടക്കുന്ന സർഗാത്മകതയുടെ വസന്തം കൂടിയാണെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. പൊന്നാനി തെയ്യങ്ങാട് ഗവ.എൽ.പി.സ്‌കൂളിലെ പുതിയ കെട്ടിട ശിലാസ്ഥാപന ചടങ്ങിന്റെ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്പീക്കർ. അത്തരത്തിൽ സർഗാത്മകതയുടെ വസന്തം സൃഷ്ടിച്ച് മറ്റു പൊതു വിദ്യാലയങ്ങൾക്ക് മാതൃകയാണ് തെയ്യങ്ങാട് ഗവ.എൽ.പി.സ്‌കൂളെന്നും സ്പീക്കർ പറഞ്ഞു.
ഒരു കാലത്ത് സ്വകാര്യ വിദ്യാലയങ്ങളിൽ ഉണ്ടായ അഡ്മിഷൻ തിരക്ക് ഇപ്പോൾ സർക്കാർ വിദ്യാലയങ്ങളിലാണെന്നും പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ ഓരോ സർക്കാർ വിദ്യാലയങ്ങളും മികവിന്റെ കേന്ദ്രങ്ങളായി മാറുകയാണെന്നും പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിർവഹിച്ച് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി.ജലീൽ പറഞ്ഞു. വിദ്യാഭ്യാസ രംഗത്ത് സർക്കാർ വിവിധ പദ്ധതികളാണ് നടപ്പാക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇ.ടി മുഹമ്മദ് ബഷീർ എം.പി മുഖ്യാതിഥിയായി.
അടച്ചു പൂട്ടലിന്റെ വക്കിൽ നിന്നും സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച സർക്കാർ വിദ്യാലയങ്ങളിലൊന്നായി മാറിയ പൊന്നാനി തെയ്യങ്ങാട് ഗവ.എൽ.പി സ്‌കൂൾ ഹൈടെക്കായി മാറുകയാണ്. നഗരസഭ ഭരണ സമിതിയുടെ നേതൃത്വത്തിൽ സ്‌കൂളിനായി ഏറ്റെടുത്ത 30 സെന്റ് സ്ഥലത്താണ് അത്യാധുനിക രീതിയിലുള്ള കെട്ടിടം നിർമ്മിക്കുന്നത്. കേന്ദ്രസംസ്ഥാന പദ്ധതിയായ പി.എം.ജെ.വൈ.കെ.പ്രകാരം ലഭിച്ച 5.35 കോടി രൂപ ചെലവഴിച്ച് 18 ഹൈടെക് ക്ലാസ് മുറികളുള്ള കെട്ടിടമാണ് നിർമ്മിക്കുന്നത്. ഫാക്ടിന്റെ സിവിൽ വിഭാഗമായ എഫ്.ആർ.സിബിൾഡിങ് പ്രൊഡക്ട് ലിമിറ്റഡിനാണ് നിർമ്മാണ ചുമതല.
'മാറുന്ന കാലം, മാറുന്ന നിർമ്മാണം' എന്ന ആശയത്തിൽ കെട്ടിടത്തിന്റെ ചുമരുകൾ റീ ഫാബ്രിക്കേഷൻ മാതൃകയിലാണ് നിർമ്മിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് പുറമെ ചുറ്റുമതിൽ നിർമ്മാണം, കളിസ്ഥലം, ഇന്റർലോക്കിെംഗ് തുടങ്ങിയവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതോടൊപ്പം തന്നെ നിലവിലെ കെട്ടിടത്തിലെ 12 ക്ലാസ് മുറികളും ഹൈടെക്കാക്കുന്ന പ്രവർത്തനങ്ങളും നടക്കും. സ്ഥലം എം.എൽ.എയും, നിയമസഭ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് 12 ലക്ഷം രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്.
പൊന്നാനി നഗരസഭ ചെയർമാൻ സി.പി.മുഹമ്മദ് കുഞ്ഞി അധ്യക്ഷനായ ചടങ്ങിൽ സംസ്ഥാന അധ്യാപക അവാർഡ് നേടിയ മിനി ടീച്ചർക്കും സ്‌കൂളിനായി സ്ഥലം വിട്ടുനൽകിയവർക്കുമുള്ള ഉപഹാര സമർപ്പണവും ചടങ്ങിൽ നടന്നു. വിദ്യാഭ്യാസ സ്ഥിരം സമിതി ചെയർമാൻ ടി.മുഹമ്മദ് ബഷീർ, നഗരസഭ സെക്രട്ടറി പ്രദീപ് കുമാർ, സ്ഥിരം സമിതി ചെയർമാൻമാർ, കൗൺസിലർമാർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു.