unni-pindan

പെരിന്തൽമണ്ണ: പ്രമുഖ പരിചമുട്ടുകളി ആശാൻ ആനമങ്ങാട് വടക്കേപുരയ്ക്കൽ
ഉണ്ണി പിണ്ടൻ (99) നിര്യാതനായി. അസുഖത്തെ തുടർന്ന് കിടപ്പിലായിരുന്ന ആശാൻ ഞായറാഴ്ച അർദ്ധരാത്രിയോടെയാണ് ആനമങ്ങാട്ടെ സ്വവസതിയിൽ അന്ത്യശ്വാസം വലിച്ചത്. ഫോക് ലോർ അക്കാദമി അവാർഡുൾപ്പെടെ നിരവധി പുരസ്‌ക്കാരങ്ങൾ നേടിയിട്ടുണ്ട്. നിരവധി വേദികളിൽ പരിചമുട്ട് കളി അവതരിപ്പിച്ച ആശാന് കേരളത്തിനകത്തും പുറത്തുമായി നിരവധി ശിഷ്യഗണങ്ങളുണ്ട്. കൃഷിപ്പണിക്കാരനായിരുന്ന ആനമങ്ങാട് ഉണ്ണി പിണ്ടന് കൗമാര പ്രായത്തിലാണ് പരിചമുട്ട് കളിയോട് പ്രിയം തോന്നിയത്. ഐവർ കളിയെന്ന പരിചമുട്ടുകളിയിലൂടെ ആശാൻ കലാ സാംസ്‌ക്കാരിക രംഗത്ത് ആനമങ്ങാടിനെ അടയാളപ്പെടുത്തി. പരിചമുട്ട് കളിയെ പ്രചരിപ്പിക്കാൻ അദ്ദേഹം നടത്തിയ പ്രയത്‌നം വലുതാണ്. 2004ൽ മികച്ച കലാകാരനുള്ള ഫോക് ലോർ അക്കാദമി പുരസ്‌കാരം നേടി. നെഹ്രു യുവ കേന്ദ്ര, സോപാന പീഠ, വിശ്വകർമ്മ സംഘടനാ അവാർഡ് തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. 2014ൽ പരിചമുട്ട് കളിയുടെ പാട്ട് പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു.
പരേതയായ വള്ളിയാണ് ഭാര്യ. മക്കൾ: നാരായണൻ, രാധ, സദാനന്ദൻ, സുമതി.
മരുമക്കൾ: രാധ, നാരായണൻ, ഗിരിജ, ഗോപാലൻ.