news
നന്നമ്പ്ര ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ചെറുമുക്കിൽ മഞ്ഞപ്പിത്ത ബോധവത്കരണ ക്ലാസ് നടത്തുന്നു

തിരൂരങ്ങാടി: നന്നമ്പ്ര പഞ്ചായത്തിലെ ചെറുമുക്ക് റഹ്മത്ത് നഗർ, സലാമത്ത് നഗർ എന്നിവിടങ്ങളിൽ പത്തുപേർക്ക് മഞ്ഞപ്പിത്തം കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അധിക്യതർ അറിയിച്ചു. കഴിഞ്ഞ മാസം നവംബറിൽ പ്രദേശത്ത് മഞ്ഞപ്പിത്തം കണ്ടെത്തിയിട്ടും ആരോഗ്യ വകുപ്പ് അധിക്യതർ വേണ്ട നടപടികളെടുത്തില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. തുടർന്ന് ചെറുമുക്ക് നാട്ടുകാര്യം വാട്ട്സ് ആപ്പ് കൂട്ടായ്മ ഭാരവാഹികളുടെ നേതൃത്വത്തിൽ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരമറിയിച്ചു. ഡി.എം.ഒ ഡോ : കെ. സക്കീനയുടെ പ്രത്യേക നിർദ്ദേശപ്രകാരം നന്നമ്പ്ര ആരോഗ്യവകുപ്പ് അധികൃതർ സ്ഥലത്തെത്തി പ്രവാസി നഗറിൽ വച്ച് മഞ്ഞപ്പിത്തം സംബന്ധിച്ച് ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കഴിഞ്ഞ നവംബർ മാസം മൂന്ന് പേർക്കും ഡിസംബർ മാസം ഏഴു പേർക്കുമാണ് മഞ്ഞപ്പിത്തം കണ്ടെത്തിയത്. നിലവിൽ മഞ്ഞപ്പിത്തം ബാധിച്ച് രണ്ടുപേർ തിരൂരങ്ങാടി സ്വകാര്യ ആശുപത്രിയിലും ഒരാൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. നന്നമ്പ്ര ആരോഗ്യ വകുപ്പ് ജീവനക്കാരായ ഡോ : ഉമ്മുകുൽസു, ജെ. എച്ച്.ഐ അഭിലാഷ്, യു.സുധ, കെ. നിത്യ എന്നിവരുടെ നേതൃത്വത്തിലാണ് ക്ലാസ് സംഘടിപ്പിച്ചത്. വരുംദിവസങ്ങളിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ പരിശോധന ഊർജ്ജിതമാക്കുമെന്ന് ഇവർ അറിയിച്ചു. ഇതിനുമുമ്പ് തൊട്ടടുത്ത പ്രദേശമായ
കുണ്ടൂരിലായിരുന്നു മഞ്ഞപ്പിത്തം കാണപ്പെട്ടിരുന്നത്