kanja
ഷംസുദ്ദീൻ

മഞ്ചേരി: കൊണ്ടോട്ടിയിൽ 20 പാക്കറ്റ് ബ്രൗൺ ഷുഗറുമായി യുവാവ് അറസ്റ്റിൽ. കുഴിമണ്ണ സ്വദേശി ചെറുപറമ്പ് കടക്കോട്ടിരി ഷംസുദ്ദീൻ (44) എന്ന പപ്പടം ഷംസുവിനെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് കൊണ്ടോട്ടി കവിതാ തീയേറ്ററിനു സമീപത്ത് വച്ച് പിടികൂടിയത്. ബ്രൗൺഷുഗർ, എം.ഡി.എം.എ പോലുള്ള സിന്തറ്റിക്ക് ഡ്രഗ്ഗുകളുടെ ഉപയോഗം വിദ്യാർത്ഥികൾക്കിടയിലും മറ്റും കൂടുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ നീരീക്ഷണം ശക്തമാക്കിയിരുന്നു. പ്രതിയെ രണ്ടുവർഷം മുമ്പ് 22 കിലോ കഞ്ചാവുമായി മലപ്പുറം എക്‌സൈസ് പിടികൂടിയിരുന്നു.

ജാമ്യത്തിലിറങ്ങിയ പ്രതി ബ്രൗൺഷുഗർ വിൽപ്പനയിലേക്ക് തിരിഞ്ഞു. ഇയാളെ ചോദ്യം ചെയ്തതിൽ ജില്ലയിലെ മയക്കുമരുന്ന് മാഫിയകളെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. 10 ദിവസത്തിനുള്ളിൽ 14 കിലോ കഞ്ചാവും 100 ഓളം പാക്കറ്റ് ബ്രൗൺഷുഗറും മയക്കുഗുളികകളുമായി അന്യ സംസ്ഥാന തൊഴിലാളിയടക്കം അഞ്ചുപേരെയാണ് ജില്ലാ ആന്റി നർക്കോട്ടിക്ക് സ്‌ക്വാഡ് പിടികൂടിയത്. കൊണ്ടോട്ടി സി.ഐ എൻ.ബി. ഷൈജു, എസ്.ഐ വിനോദ് വലിയാറ്റൂർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലാ ആന്റി നാർക്കോട്ടിക്ക് സ്‌ക്വാഡ് അംഗങ്ങളായ സത്യനാഥൻ മനാട്ട്, അബ്ദുൾ അസീസ്, ശശി കുണ്ടറക്കാട്, ഉണ്ണിക്കൃഷ്ണൻ മാരാത്ത്, പി. സഞ്ജീവ് കൊണ്ടോട്ടി സ്‌റ്റേഷനിലെ എ.എസ്‌.ഐ മോഹൻദാസ്, സി.പി.ഒ സജീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.