pana
ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലിലെ ഈന്തപ്പന പൂത്തുലഞ്ഞു

പൊന്നാനി:തടവുകാർക്കും സന്ദർശകർക്കും ദൃശ്യവിരുന്നൊരുക്കി പൊന്നാനി സബ് ജയിലിലെ ഈന്തപ്പന പൂത്തുലഞ്ഞു.ഏകദേശം 14 വർഷം മുമ്പാണ് സബ്‌ജയിൽ നവീകരണ പ്രവൃത്തികളുടെ ഭാഗമായി ജയിൽ പരിസരത്ത് അന്നുണ്ടായിരുന്ന ജീവനക്കാർ ചെടികൾ വച്ച് പിടിപ്പിച്ചത്. കൂട്ടത്തിൽ ഒരു കൗതുകത്തിനായി വച്ച് പിടിപ്പിച്ച ഈന്തപ്പനയാണ് ജയിൽ ജീവനക്കാർക്കും തടവുകാർക്കും സന്ദർശകർക്കും കൗതുകമുണർത്തി പൂത്തുലഞ്ഞത്. ജയിൽ മുറ്റത്ത് ഭംഗി തോന്നുന്ന വിധത്തിൽ കാണുന്നതിനാൽ സംരക്ഷിച്ചു പോന്ന ഈന്തപ്പന പ്രദേശത്തെ കാലാവസ്ഥയിൽ കായ്കുമെന്ന് കരുതിയതല്ലെന്നും ഈന്തപ്പന കായ്ച്ചത് സന്തോഷം നൽകുന്നതായും ജയിൽ സൂപ്രണ്ട് കൂടിയായ സണ്ണി പറഞ്ഞു. കായകൾ പഴുക്കാനുള്ള കാത്തിരിപ്പിലാണ് ജീവനക്കാരും അന്തേവാസികളും.