പെരിന്തൽമണ്ണ: ഖാദറലി ക്‌ളബ്ബ് നടത്തി വരുന്ന അഖിലേന്ത്യ സെവൻസ് ഫുട്ബാൾ ടൂർണ്ണമെന്റ് നെഹ്രു ഫ്ളഡ്‌ലിറ്റ് സ്റ്റേഡിയത്തിൽ 22ന് ആരംഭിക്കുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഏഴായിരത്തിലേറെ പേർക്ക് ഇരുന്ന് മത്സരം വീക്ഷിക്കാൻ സൗകര്യമൊരുക്കിയതായും ലാഭവിഹിതം പൂർണ്ണമായി കാരുണ്യ പ്രവർത്തനത്തിന് നീക്കിവയ്ക്കുമെന്നും സംഘാടകർ പറഞ്ഞു. ക്ലബ്ബിന്റെ നേതൃത്വത്തിൽ 20 വയസിന് താഴെയുള്ള കുട്ടികൾക്കായി കോച്ചിംഗ് ക്യാമ്പും മത്സരങ്ങളും നടത്തുന്നുണ്ട്. വെറ്ററൻസ് ഫുട്‌ബാളും സംഘടിപ്പിച്ചു.
ടൂർണ്ണമെന്റ് മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയർമാൻ എം.മുഹമ്മദ് സലീം അദ്ധ്യക്ഷത വഹിക്കും. ഉദ്ഘാടന ദിവസം വിളംബരജാഥ വൈകിട്ട് നാലിന് പ്രസന്റേഷൻ ഹൈസ്‌കൂളിനു സമീപത്തുനിന്ന് തുടങ്ങും. ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന ഫുട്‌ബാൾ മാമാങ്കത്തിൽ 20 ടീമുകളാണ് ഇക്കുറി മാറ്റുരയ്ക്കുന്നത്. രാത്രി 7. 30ന് തുടങ്ങുന്ന മത്സരത്തിൽ ആദ്യ ദിവസം മെഡിഗാർഡ് അരീക്കോടും ലിൻഷ മെഡിക്കൽസ് മണ്ണാർക്കാടും തമ്മിൽ ഏറ്റുമുട്ടുമെന്ന് വാർത്താസമ്മേളനത്തിൽ മുൻസിപ്പൽ ചെയർമാൻ എം.മുഹമ്മദ് സലീം, ക്‌ളബ്ബ് പ്രസിഡന്റ് സി.മുഹമ്മദലി, സെക്രട്ടറി പച്ചീരി ഫാറൂഖ്, സി.എച്ച്. മുസ്തഫ, മണ്ണിൽ ഹസ്സൻ, എച്ച്.മുഹമ്മദ് ഖാൻ, എം.കെ കുഞ്ഞമ്മു, എം അബ്ദുൽ അസീസ്, ഇ.കെ സലിം, കുറ്റീരി ഹസ്സൻ, കുറ്റിരി മാനുപ്പ, യൂസുഫ് രാമപുരം, ഡോക്ടർമാരായ കുഞ്ഞിമൊയ്തീൻ, നിലാർ മുഹമ്മദ് എന്നിവർ അറിയിച്ചു.