ponnani
പൊന്നാനിയുടെ വിവരങ്ങളൊക്കെയും ഇനി ഡിജിറ്റലായി വിരൽതുമ്പിൽ

പൊന്നാനി: ആധുനികവും പുരാതനവുമായ പൊന്നാനിയുടെ വിവരങ്ങളൊക്കെയും ഇനി ഡിജിറ്റലായി വിരൽത്തുമ്പിൽ. പൊന്നാനിയുടെ നഗരാസൂത്രണത്തിനും പദ്ധതി വിഭാവന നിർവ്വഹണത്തിനും സഹായകമാകുന്ന തരത്തിലാണ് നഗരത്തിലെ മുഴുവൻ ആസ്തിയും ഡിജിറ്റൽ സോഫ്റ്റ് വെയറാക്കിയിരിക്കുന്നത്. ഇന്റലിജന്റ് പ്രോപ്പർട്ടി മാനേജ്‌മെന്റ് സിസ്റ്റം എന്ന പേരിലുള്ളതാണ് പദ്ധതി.

നഗരസഭയുടെ വാർഷിക പദ്ധതിയിലുൾപ്പെടുത്തി 60 ലക്ഷം രൂപ ചെലവിലാണ് പദ്ധതി നടപ്പാക്കിയത്. സമ്പൂർണ്ണമായി ഡിജിറ്റലൈസ് ചെയ്യുന്ന ജില്ലയിലെ ആദ്യ നഗരസഭയാണ് പൊന്നാനി. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഐ.ടി വിഭാഗമാണ് പദ്ധതിക്കായുള്ള വിവരശേഖരണവും ഡിജിറ്റൽ പ്രവൃത്തികളും നടത്തിയത്.

നഗരസഭയിലെ വീടുകൾ ഉൾപ്പെടെയുള്ള കെട്ടിടങ്ങൾ, റോഡുകൾ, ലാന്റ് മാർക്കുകൾ, തണ്ണീർത്തടങ്ങൾ എന്നിവയുടെ വിവരങ്ങൾ ഒറ്റ ക്ലിക്കിൽ ലഭ്യമാക്കാനാകും. ഫോട്ടോ ഉൾപ്പെടെയുള്ള വിവരങ്ങളാണ് ചേർത്തിരിക്കുന്നത്. ഡി.ജി.പി.എസ്, ഡ്രോൺ, ജി.പി.എസ്, ലേസർ ടേപ്പ്, പ്രത്യേക ആപ്ലിക്കേഷനോടുകൂടിയ ടാബ് എന്നിവ ഉപയോഗിച്ചുള്ള സർവേയിലൂടെയാണ് വിവരങ്ങൾ ശേഖരിച്ചത്.

പൊന്നാനിയിലെ റോഡ് മാപ്പിംഗ് ഉൾപ്പെടുത്തിയിട്ടുണ്ട്. റോഡിന്റെ പേര്, നീളം, വീതി, ഘടന എന്നിവയാണ് ശേഖരിച്ചിരിക്കുന്നത്. വീട് ഉൾപ്പെടെയുള്ള കെട്ടിടങ്ങളിൽ നിന്ന് 120 ഓളം വിവരങ്ങളാണ് ശേഖരിച്ചത്. സർവേ സംഘത്തിനൊപ്പം വാർഡ് കൗൺസിലർ ചുമതലപ്പെടുത്തുന്ന പ്രതിനിധിയുമുണ്ടായിരുന്നു. കെട്ടിടത്തിന്റെ പഴക്കം, നിർമ്മാണത്തിലിരിക്കുന്നതാണെങ്കിൽ നിർമ്മാണ പുരോഗതി, നീളം, വലിപ്പം, അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ എന്നിവ ലഭ്യമാണ്.

നഗരത്തിലെ പാലം, കൾവെർട്ട്, അഴുക്കുചാൽ, കനാൽ, റോഡ്, ജംഗ്ഷൻ റോഡ് സിഗ്‌നൽ, ഡിവൈഡർ, പാർക്കിംഗ് ഏരിയ, തരിശ്ശുനിലങ്ങൾ, തണ്ണീർത്തടങ്ങൾ, വയലുകൾ എന്നിവയുടെ ഫോട്ടോയോടു കൂടിയ വിവരങ്ങളും മാപ്പ് ചെയ്തിട്ടുണ്ട്. ഡോർ ടു ഡോർ സർവേയാണ് നടത്തിയത്. പ്രളയകാലത്ത് പൊന്നാനി നഗരസഭ പരിധിയിൽ നടത്തിയ ഡ്രോൺ സർവേ ചിത്രങ്ങളുമുണ്ട്.

വിവരങ്ങളൊക്കെയും പ്രത്യേക ആപ്ലിക്കേഷനിലാക്കി നഗരസഭ കാര്യാലയത്തിലാണ് സൂക്ഷിച്ചിട്ടുള്ളത്. പുതിയ വിവരങ്ങൾ കമ്പ്യൂട്ടറിൽ അതത് സമയത്ത് ചേർക്കാനാകും.