മലപ്പുറം: മസ്റ്ററിംഗ് നടത്താത്ത 64,919 പേർ ജില്ലയിൽ സാമൂഹ്യ സുരക്ഷ പെൻഷനുകൾക്ക് പുറത്താവും. ആകെ 4,85,744 പേർ ക്ഷേമ പെൻഷനുകളിൽ അംഗങ്ങളായപ്പോൾ ഇതിൽ 4,20,825 പേരാണ് മസ്റ്ററിംഗ് പൂർത്തിയാക്കിയത്. സംസ്ഥാനത്ത് മസ്റ്ററിംഗിന് ശേഷിക്കുന്നവരുടെ എണ്ണത്തിൽ രണ്ടാംസ്ഥാനത്താണ് ജില്ല. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ പേർ 76,067 പേർ. മസ്റ്ററിംഗ് നടത്താത്തവരെ അനർഹരെന്ന നിലയിൽ പുറത്താക്കും. ഡിസംബർ 15 വരെയാണ് മസ്റ്ററിംഗ് പൂർത്തിയാക്കാൻ സംസ്ഥാന സർക്കാർ സമയപരിധി നൽകിയിരുന്നത്. ഇതിനിടെ പൂർത്തിയാക്കിയവർക്ക് മാത്രമേ ഡിസംബറിലെ പെൻഷൻ ലഭിക്കൂ. പെൻഷൻ വിതരണം പൂർത്തിയായ ശേഷം 25 മുതൽ 31 വരെ വിവരങ്ങൾ പുതുക്കാം. എന്നാൽ ഇവർക്ക് ജനുവരിയിലേ പെൻഷൻ ലഭിക്കൂ.
പേടിക്കേണ്ട, പെൻഷൻ മുടങ്ങില്ല
മസ്റ്ററിംഗ് നടത്താത്തവർ മതിയായ കാരണങ്ങൾ ബോദ്ധ്യപ്പെടുത്തിയാൽ പെൻഷൻ മുടങ്ങില്ല. എന്നാൽ വിവരങ്ങൾ തെറ്റാണെന്ന് കണ്ടാൽ പെൻഷൻ തുക സർക്കാരിൽ ഇവരിൽ നിന്ന് ഈടാക്കാം.
കിടപ്പുരോഗികളുടെ മസ്റ്രറിംഗ് പൂർത്തിയാക്കാനായി കാത്തുനിൽക്കേണ്ടതില്ലെന്നാണ് സർക്കാർ തീരുമാനം. വീട്ടിലെത്തി മസ്റ്ററിംഗ് നടത്തണമെന്ന് തദ്ദേശസ്ഥാപന സെക്രട്ടറിയെ അറിയിച്ചിട്ടുള്ള എല്ലാവർക്കും ഈ മാസത്തെ പെൻഷൻ ലഭിക്കും.
രണ്ടുമാസത്തെ സാമൂഹ്യക്ഷേമ നിധി പെൻഷനും ക്ഷേമനിധി പെൻഷനും ഒരുമിച്ച് 23 മുതൽ വിതരണം തുടങ്ങും.
കൈപ്പറ്റിയത് അനർഹരെന്ന്
ജില്ലയിൽ മസ്റ്ററിംഗ് നടത്താൻ ശേഷിക്കുന്നവർ മരിച്ചു പോയവരാണെന്നും ഇവരുടെ പേരിൽ ബന്ധുക്കൾ അനർഹമായി പെൻഷൻ തുക കൈപ്പറ്റുകയായിരുന്നു എന്നുമാണ് ധനവകുപ്പിന്റെ നിഗമനം.
ഇത്തരക്കാരെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കാൻ ലക്ഷ്യമിട്ടാണ് അക്ഷയ കേന്ദ്രങ്ങൾ മുഖേന സർക്കാർ ബയോമെട്രിക് വിവരശേഖരണം നടത്തിയത്.
സെർവർ തകരാറും മസ്റ്ററിംഗിന് ആവശ്യമായ ഭൗതിക സൗകര്യങ്ങളും ഒരുക്കാത്തത് വയോധികർക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു.
മണിക്കൂറുകളോളം അക്ഷയ കേന്ദ്രങ്ങളിൽ കാത്തുനിന്നശേഷം മസ്റ്ററിംഗ് നടത്താനാവാതെ നിരാശരായി മടങ്ങിയവരുമുണ്ട്.