പൊന്നാനി: ''ഒട്ടേറെ സ്വപ്‌നങ്ങളുമായി ഒരു മാസം മുമ്പാണ് സ്വന്തമായൊരു കാർ വാങ്ങിയത്. എല്ലാം കൺമുന്നിൽ കത്തിയമർന്നു''. ചാവക്കാട് അഞ്ചങ്ങാടി ആശുപത്രിപ്പടി സ്വദേശിയും ടാക്സിഡ്രൈവറുമായ ഇസ്മയിലിന് വാക്കുകൾ പൂർത്തിയാക്കാനാവുന്നില്ല. സ്വപ്നങ്ങളും സമ്പാദ്യവും കൺമുന്നിൽ അഗ്‌നിനാളമായി മാറിയ നടുക്കത്തിലായിരുന്നു ഇസ്മയിൽ. ഇന്നലെ പുലർച്ചെ അഞ്ചിന് പൊന്നാനി-കുറ്റിപ്പുറം ദേശീയപാതയിൽ പള്ളപ്പുറം പാലത്തിന് മുകളിൽ വച്ചാണ് ഇസ്മയിലിന്റെ ഇന്നോവ കാർ കത്തി നശിച്ചത്. യാത്രക്കാരുമായി കരിപ്പൂർ വിമാനത്താവളത്തിലേക്ക് പോവുന്നതിനിടെയായിരുന്നു സംഭവം. വാഹനത്തിന്റെ രേഖകളും ഇസ്മയിലിന്റെ ലൈസൻസുൾപ്പടെയുള്ള രേഖകളും കാൽ ലക്ഷത്തിലേറെ രൂപയും സ്വപ്‌നങ്ങൾക്കൊപ്പം ചാരമായി. യാത്രക്കാരും ഇസ്മയിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. കാറിനകത്ത് തീപ്പൊരി ശ്രദ്ധയിൽപ്പെട്ടതോടെ ഇസ്മയിൽ പെട്ടെന്ന് വാഹനം നിറുത്തി പുറത്തിറങ്ങിയതിനാലാണ് വലിയ ദുരന്തം ഒഴിവായത്. കാർ നിറുത്തി ബോണറ്റ് തുറന്ന് പരിശോധിച്ചെങ്കിലും അപകടകരമായ ഒന്നും കണ്ടില്ല. ഇതിനിടെ കാറിനകത്ത് തീ പടരുകയായിരുന്നു. അകത്തുണ്ടായിരുന്ന യാത്രക്കാർ ചാടി രക്ഷപ്പെട്ടു. ഗൾഫ് യാത്രക്കാരന്റെ ലഗേജ് കാറിനകത്ത് പെട്ടു. പാസ്‌പോർട്ട് ഉൾപ്പടെയുള്ള രേഖകൾ കൈയിൽ കരുതിയതിനാൽ ഇവർ മറ്റൊരു വാഹനത്തിൽ യാത്ര തുടർന്നു. കുറഞ്ഞ സമയത്തിനകം വലിയ ശബ്ദത്തോടെ കാറിനെ തീ വിഴുങ്ങി. നിസ്സഹായനായി നോക്കിനിൽക്കാനേ ഇസ്മയിലിന് സാധിച്ചുള്ളൂ. പൊന്നാനിയിൽ നിന്നെത്തിയ അഗ്‌നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീയണച്ചത്.
10 വർഷത്തിലേറെയായി ടാക്‌സി ഡ്രൈവറാണ് ഇസ്മയിൽ. ഇതുവരേയും മറ്റ് പലരുടെയും വാഹനത്തിൽ ഡ്രൈവറായിരുന്നു. സമ്പാദ്യവും വായ്പയും ഉപയോഗിച്ച് കഴിഞ്ഞ മാസമാണ് സ്വന്തമായി സെക്കൻഡ് ഹാന്റ് ഇന്നോവ വാങ്ങിയത്. ഗുരുവായൂർ രജിസ്‌ട്രേഷനിലുള്ള വാഹനത്തിന്റെ വായ്പയുടെ ആദ്യ അടവ് അടുത്തയാഴ്ചയാണ്. ഇതിനായി കരുതിയിരുന്ന 23,000 രൂപയും ഇന്നലെ ഓടിയ വകയിൽ ലഭിച്ച പണവും ഒപ്പമുണ്ടായിരുന്നു. വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനുൾപ്പെടെ അപേക്ഷ നൽകിയിട്ടേയുള്ളൂ. നടപടികൾ പൂർത്തിയായി വാഹനം സ്വന്തം പേരിലേക്ക് മാറിയിട്ടുണ്ടോയെന്ന് പോലും ഇസ്മയിലിന് ഉറപ്പില്ല. വായ്പ അടവിനുള്ള തുക ഇനി എവിടെ നിന്ന് തരപ്പെടുത്തുമെന്ന് ഇസ്മയിലിന് ഒരു പിടിയുമില്ല. രേഖകളുടെ പകർപ്പ് ശരിയാക്കാൻ നെട്ടോട്ടമോടേണ്ടിയും വരും. സ്വപ്‌നങ്ങൾ ചാരമായെങ്കിലും ആളപായമില്ലാതെ ദുരന്തം വഴിമാറിയതു മാത്രമാണ് ഇദ്ദേഹത്തിന് ആശ്വാസം.