navajeevan
നവജീവൻ ഗ്രന്ഥാലയം

വള്ളിക്കുന്ന് : വള്ളിക്കുന്നിലെ നവജീവൻ ഗ്രന്ഥാലയം സുവർണ്ണ ജൂബിലി നിറവിൽ. 1969 ഡിസംബർ 22ന് കാരീരിത്തറ വേലായുധന്റെ സ്ഥലത്ത് ഓലഷെഡ്ഡിൽ പിറവിയെടുത്ത ഗ്രന്ഥാലയം ഇന്ന് വള്ളിക്കുന്നിലെ പ്രധാന സാംസ്‌കാരിക കേന്ദ്രമാണ്.
1950-കളിൽ കാഞ്ഞിരക്കുഴിയിൽ പി.കെ.നാരായണമേനോന്റെ നേതൃത്വത്തിൽ വയോജന വിദ്യാകേന്ദ്രം ആരംഭിച്ചിരുന്നു. ടി.ഉണ്ണീരിയായിരുന്നു ഇതിന്റെ പ്രധാന ശിൽപ്പി. പഠിതാക്കളുടെ ആവശ്യാർത്ഥം ഗ്രന്ഥാലയവും തുടങ്ങി. വയോജന വിദ്യാകേന്ദ്രത്തിന്റെ പ്രവർത്തനം പിന്നീട് നിലച്ചപ്പോൾ ഗ്രന്ഥാലയത്തിലെ പുസ്തകങ്ങൾ കാഞ്ഞിരക്കുഴിയിലെ യുവ കലാകാരന്മാരുടെ നേതൃത്വത്തിൽ നാടകരംഗത്ത് പ്രവർത്തിച്ചിരുന്ന നവജീവൻ കലാ പരിഷത്ത് ആർട്‌സ് ആൻ‌ഡ് സ്‌പോർട്‌സ് ക്ലബ്ബ് ഏറ്റെടുത്തു. പൊതുജനങ്ങളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങളും കൂടി ചേർത്ത് 1969 ഡിസംബറിൽ കാഞ്ഞിരക്കുഴിയിൽ നവജീവൻ ഗ്രന്ഥാലയം പിറവിയെടുത്തു. കേരള സ്‌റ്റേറ്റ് ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്ത ഗ്രന്ഥാലയത്തിന്റെ സ്ഥാപക പ്രസിഡന്റായി ടി.ഉണ്ണീരി,​ വൈസ് പ്രസിഡന്റായി പി.കെ.നാരായണമേനോൻ, സെക്രട്ടറിയായി വി.ബാലകൃഷ്ണൻ, ജോയിന്റ് സെക്രട്ടറിയായി സി.ബാലകൃഷ്ണൻ, ട്രഷററായി എം.കുഞ്ഞിരാമൻ, ലൈബ്രേറിയനായി കെ.ദാസൻ എന്നിവരുൾപ്പെട്ട ഭരണസമിതി തിരഞ്ഞെടുക്കപ്പെട്ടു. 1972ൽ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തിൽ യു.ഗോപാലകൃഷ്ണൻ ചീഫ് എഡിറ്ററായി ഉദയഗിരി കൈയെഴുത്തു മാസിക പ്രസിദ്ധീകരണമാരംഭിച്ചു. കായിക രംഗത്തും ഗ്രന്ഥാലയം മികവ് പുലർത്തി. കാഞ്ഞിരക്കുഴിയിൽ വച്ച് വോളിബോൾ മത്സരം സംഘടിപ്പിച്ചിരുന്നു. 1976ൽ ധനസമാഹരണം നടത്തി അഞ്ചേമുക്കാൽ സെന്റ് സ്ഥലം വാങ്ങി. 1981ൽ കെട്ടിടം പണി പൂർത്തിയാക്കി. 2002ൽ റെയിൽപ്പാത വികസനാർത്ഥം വായനശാല കെട്ടിടവും സ്ഥലവും ദക്ഷിണ റെയിൽവേ ഏറ്റെടുത്തു. നഷ്ടപരിഹാര തുകയും സംഭാവനയും ഉപയോഗിച്ച് നവജീവനിൽ തന്നെ നാലര സെന്റ് സ്ഥലം വാങ്ങി. 2005ൽ കെട്ടിടം നിർമ്മിച്ചു. 2006ൽ ഗ്രന്ഥാലയം മൊബൈൽ ലൈബ്രറി തുടങ്ങി. 2008 ൽ ഗ്രന്ഥാലയത്തിന് ബാലവേദി ലൈബ്രറി കൗൺസിൽ അനുവദിച്ചു.വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്താൻ ബോധവത്ക്കരണ ക്ലാസുകളും സ്റ്റുഡന്റ്‌സ് കോർണർ പുസ്തകപദ്ധതിയും തുടങ്ങി. 2010 ൽ അയൽപക്ക വേദി പഠന പദ്ധതി അനുവദിച്ചു. സൗജന്യമായി പി.എസ്.സി. കോച്ചിംഗ് ക്ലാസ്സുകൾ, ആരോഗ്യ ബോധവത്ക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ , വിദ്യാർത്ഥികൾക്ക് പരിശീലന പരിപാടികൾ എന്നിവ നടത്തി. 2016ൽ തിരൂരങ്ങാടി താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ടു. 639 പുസ്തകങ്ങളുമായി തുടങ്ങിയ ഗ്രന്ഥാലയത്തിൽ 11,​500 ൽ പരം പുസ്തകങ്ങൾ വിവിധ ഭാഷകളിലായുണ്ട്. നിലവിൽ 420 മെമ്പർമാരാണുള്ളത്.
യു.കലാനാഥനാണ് സുവർണ്ണ ജൂബിലി ആഘോഷ കമ്മറ്റി സ്വാഗത സംഘം ചെയർമാൻ. കെ.ദാസൻ ജനറൽ കൺവീനറാണ്.