പെരിന്തൽമണ്ണ: കുന്നപ്പള്ളി കുറുംമ്പ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പടിയ്ക്കൽ പുരയ്ക്കൽ സരോജിനി (65), ഭർത്താവ് ശ്രീധരൻ (67) എന്നിവരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ശ്രീധരൻ തൂങ്ങി മരിച്ച നിലയിലായിരുന്നു. സരോജിനി മരിച്ചത് എങ്ങനെയെന്ന് വ്യക്തമല്ല. ഇവരുടെ വീട്ടിലെ വളർത്തുനായയെ തലയ്ക്കടിച്ച് കൊന്ന നിലയിൽ വീടിന് പിറകിലും കണ്ടെത്തി.
ശ്രീധരൻ എഴുതിയതാണെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തു. സരോജിനി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് കത്തിലുള്ളത്. സരോജിനിയുടെ മൃതദേഹത്തിന് രണ്ടു ദിവസത്തെ പഴക്കം തോന്നിക്കും. ശ്രീധരനെ വെള്ളിയാഴ്ചയും പുറത്ത് കണ്ടവരുണ്ട്. വീടിനു പുറത്ത് മന്ത്രവാദം നടത്തിയതിന്റെ ലക്ഷണങ്ങളുമുണ്ട്.
ബന്ധുക്കളുമായി അകന്നു കഴിയുകയായിരുന്നു സരോജിനി. ഇവരുടെ കുന്നപ്പള്ളിയിലെ വീട്ടിലാണ് ദമ്പതികൾ താമസിച്ചിരുന്നത്. സഹായത്തിനെത്താറുള്ള അയൽവാസിയാണ് വെള്ളിയാഴ്ച രാത്രി മൃതദേഹങ്ങൾ കണ്ടത്.
മൃതദേഹങ്ങൾ മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം സരോജിനിയുടെ ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. നായയുടെയും പോസ്റ്റ്മോർട്ടം നടത്തി.