ponnani-school
പൊന്നാനി എ വി ഹയർ സെക്കണ്ടറി സ്‌ക്കൂളിന്റെ 125ാം വാർഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ശാസ്ത്ര സമ്മേളനം സി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പൊന്നാനി: അദ്ധ്യാപകൻ ഒരു കൈയിൽ തന്ന വടയുടെയും മറുകൈയിൽ തന്ന അടിയുടെയും എരിവാണ് എഴുത്തിന്റെ വഴിയിൽ അക്ഷരത്തെറ്റുകളില്ലാതെ നിലനിറുത്തുന്നതെന്ന് സി. രാധാകൃഷ്ണൻ പറഞ്ഞു. 125ാം വാർഷികം ആഘോഷിക്കുന്ന എ.വി എച്ച്.എസ്.എസിൽ നടന്ന ശാസ്ത്ര സമ്മേളന വേദിയിലാണ് സ്കൂളിലെ എട്ട് ബി ക്ലാസിനെയും അദ്ധ്യാപകരെയും അദ്ദേഹം ഓർത്തെടുത്തത്.

മലയാളം അദ്ധ്യാപകനായ പത്മനാഭ പണിക്കർ മാസ്റ്റർ ഉപന്യാസം എഴുതിക്കുമായിരുന്നു. പുസ്തകം പരിശോധിച്ച ശേഷം കുട്ടികൾക്ക് തിരിച്ചുനൽകും. ഓരോ തെറ്റിനും അടി ഉറപ്പ്. എട്ടാം ക്ലാസിലെ തുടക്കത്തിലെ ഉപന്യാസ പരിശോധനയ്ക്ക് ശേഷം എല്ലാ കുട്ടികൾക്കും ക്ലാസിൽ വച്ച് പുസ്തകം തിരിച്ചുനൽകി. തന്നോട് ടീച്ചേഴ്സ് റൂമിലേക്ക് ചെല്ലാൻ പറഞ്ഞു. പേടിച്ച് വിറച്ചാണ് പോയത്. കൈയിലുണ്ടായിരുന്ന വടയുടെ കഷ്ണം തന്ന ശേഷം പുസ്തകം മുന്നിലേക്ക് നീട്ടി.

മൂന്ന് പേജുള്ള ഉപന്യാസത്തിൽ നാല് അക്ഷരത്തെറ്റുണ്ട്. കൈ നീട്ടിക്കോളൂ എന്നായി സാർ.. ഇടതുകൈയിൽ നാല് തവണ വടി പതിഞ്ഞു. ഒരേ സമയം വടയുടേയും അടിയുടേയും എരിവ് അനുഭവിച്ച നേരം. അശ്രദ്ധകൊണ്ടുള്ള തെറ്റിനെ രണ്ട് എരിവുകളും ചേർന്ന് അവസാനിപ്പിച്ചു. 81-ാം വയസിലും തനിക്ക് കരുതലായുള്ളത് ആ അനുഭവമാണ്.

ലൈബ്രറിയിൽ നിന്ന് 'പാവങ്ങൾ' എന്ന പുസ്തകമെടുത്തു തന്ന് വായിച്ച് കുറിപ്പെഴുതാൻ പറഞ്ഞു. ചമ്രവട്ടത്തെ വീട്ടിലേക്കുള്ള കാൽനട യാത്രയിൽ പണിക്കർ സാറും ഒപ്പമുണ്ടാകും. സൈക്കിൾ തള്ളിക്കൊണ്ട് സംസാരിച്ച് നടക്കും. ഓരോ ചുവടിലും കാവ്യജീവിതത്തെ വൃത്തിയായി പറഞ്ഞു തന്നു. ഒരു നെല്ലിക്ക പോലും ദക്ഷിണയായി വാങ്ങാതെ പണിക്കർ സാറ് നടന്നു പോയ വഴിയിലാണ് താൻ എഴുന്നേറ്റ് നിൽക്കുന്നത്. ലാബിലേക്കായി കൊണ്ടുവന്ന ആമയെ ജീവിക്കാനായി കുളത്തിലേക്ക് വിടാൻ തിടുക്കപ്പെട്ട നാരായണസ്വാമി സാറിൽ നിന്നാണ് ശാസ്ത്രവും ജീവിത സംരക്ഷണവും തമ്മിലെന്തെന്ന അറിവ് നേടിയതെന്നും അദ്ദേഹം ഓർത്തെടുത്തു. സഹപാഠിയായി ക്ലാസിലുണ്ടായിരുന്ന ചിത്രകാരി ടി.കെ. പത്മിനിയിലെ കഴിവ് കണ്ടെത്തിയ ദേവസ്സി മാസ്റ്ററെയും അദ്ദേഹം ഓർമ്മിച്ചു.

ലോംഗ് ഹാളിലെ സ്റ്റേജായിരുന്നു അന്നത്തെ എട്ട് ബി ക്ലാസ്. സ്റ്റേജിനെ വന്ദിച്ചാണ് അദ്ദേഹം വേദിയിലേക്ക് കയറിയത്

മെട്രോമാൻ ഇ. ശ്രീധരൻ, പ്രമുഖ അഭിഭാഷകൻ അഡ്വ. രാംകുമാർ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തിലാണ് സി. രാധാകൃഷ്ണൻ ഓർമ്മകൾ പങ്കുവച്ചത്.

.