മലപ്പുറം: വന്ധ്യത ചികിത്സയടക്കം അഞ്ചിലധികം സ്പെഷ്യാലിറ്റി വിഭാഗങ്ങളുണ്ട് മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഹോമിയോ ആശുപത്രിയിൽ. ചികിത്സയുടെ പ്രീതി വർദ്ധിച്ചതോടെ വന്ധ്യത വിഭാഗത്തിൽ ഡോക്ടറെ കാണാൻ മാസങ്ങൾക്ക് മുമ്പേ ബുക്ക് ചെയ്യണം. മറ്റു വകുപ്പുകളിലും ഒപിയിലുമടക്കം ദിവസം മുന്നൂറോളം പേരെത്തുന്നുണ്ട്. രോഗികളുടെ എണ്ണം വർദ്ധിക്കുമ്പോഴും ജീവനക്കാരുടെ കുറവിൽ കിതയ്ക്കുകയാണ് ജില്ലാ ഹോമിയോ ആശുപത്രി.
പ്രത്യേക ഒപിയുള്ള ദിവസങ്ങളിൽ ഡോക്ടറെ കാണിച്ച് മരുന്ന് കിട്ടാൻ ഏറെനേരം ക്യൂ നിൽക്കേണ്ട അവസ്ഥയാണ്. വന്ധ്യത അടക്കമുള്ള പ്രത്യേക ഒ.പികൾക്കായി ഫാർമസിസ്റ്റ് ഇല്ലാത്തതിനാൽ ജനറൽ ഫാർമസിയിൽ നിന്നുള്ളയാളെ നിയമിക്കുകയാണ്. മറ്റു ചികിത്സാ വിഭാഗങ്ങളിൽ നിന്ന് വിഭിന്നമായി മരുന്ന് അപ്പപ്പോൾ തയ്യാറാക്കി നൽകണമെന്നതിനാൽ ഒരുരോഗിക്ക് വേണ്ടി തന്നെ പത്ത് മിനിറ്റോളം സമയമെടുക്കും.
വേണ്ടത് ജീവനക്കാർ
അഡ്മിറ്റ് രോഗികളുടെ പരിചരണത്തിന് രണ്ട് നേഴ്സുമാരാണുള്ളത്. ഇതിലൊരാൾ ഒരുമാസം മുമ്പ് സ്ഥലംമാറിയെങ്കിലും പകരം നിയമിച്ചിട്ടില്ല. 25 ബെഡുള്ള ആശുപത്രിയാണിത്. രോഗികൾക്ക് മരുന്നെടുത്ത് നൽകുന്നത് അടക്കം നേഴ്സിന്റെ ചുമതലയാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയിൽ ഒരു നേഴ്സേയുളളൂ എന്നതിനാൽ ഷിഫ്റ്റ് സമ്പ്രദായം നടപ്പാക്കാനും സാധിക്കുന്നില്ല. നഴ്സിംഗ് അസിസ്റ്റന്റുമാരാണ് പകൽ ഡ്യൂട്ടിയിലുള്ളത്. രോഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടും വർഷങ്ങൾക്ക് മുമ്പ് അനുവദിച്ച സ്റ്റാഫ് പാറ്റേണിൽ മാറ്റം വരുത്തിയിട്ടില്ല.
നിലവിൽ സൂപ്രണ്ടടക്കം നാല് ഡോക്ടർമാർ ആശുപത്രിയിലുണ്ട്. വന്ധ്യത, അലർജി, പ്രമേഹം, പീഡിയാട്രിക്ക്, തൈറോയ്ഡ്, ജെറിയാട്രിക്ക് വിഭാഗങ്ങൾക്കായി പ്രത്യേക ദിവസങ്ങളിൽ രണ്ട് ഡോക്ടമാരുള്ള സ്‌പെഷൽ ഒപിയും പ്രവർത്തിക്കുന്നുണ്ട്. ജില്ലയിൽ 48 ഡിസ്‌പെൻസറികളും മഞ്ചേരി പയ്യനാട്ട് താലൂക്ക് ആശുപത്രിയും മലപ്പുറത്ത് ജില്ലാ ആശുപത്രിയുമാണ് ഹോമിയോ വകുപ്പിന് കീഴിലുള്ളത്.
നേഴ്സുമാരുടെ കുറവ് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പ്രത്യേക ഒപികളിലേക്ക് ഫാർമസിസ്റ്റിനെ നിയമിച്ചാൽ മരുന്നിനുള്ള തിരക്ക് കുറക്കാനാവും. ജീവനക്കാരുടെ കുറവ് ജില്ലാ പഞ്ചായത്തിനെയും സംസ്ഥാന സർക്കാരിനെയും അറിയിച്ചിട്ടുണ്ട്.
ഡോ. ചെറിയാൻ ഉമ്മൻ, ആശുപത്രി സൂപ്രണ്ട്.