train
ട്രെയിൻ ക്ലിപ്പ് ആർട്ട്

പെരിന്തൽമണ്ണ: നിലമ്പൂർ - ഷൊർണൂർ പാതയിൽ രാത്രി ഗതാഗതം യാഥാർത്ഥ്യമായാൽ കൂടുതൽ ട്രെയിനുകൾ എത്തിയേക്കും. നിലവിലെ സർവീസുകളുടെ സമയക്രമവും പുനക്രമീകരിച്ചേക്കും. രണ്ടുമാസത്തിനകം പാത രാത്രി ഗതാഗതത്തിനു തുറന്നുകൊടുക്കാൻ ഉത്തരവിറങ്ങിട്ടുണ്ട്. ജീവനക്കാർ അടക്കമുള്ള സൗകര്യങ്ങൾ ഒരുക്കുന്ന തുടർനടപടികൾ വേഗത്തിലാക്കാൻ പാലക്കാട് ഡിവിഷന് നിർദേശം ദക്ഷിണ റെയിൽവേ നിർദ്ദേശമേകിയിട്ടുണ്ട്. ദീർഘദൂര യാത്രക്കാരുടെ ഏറെനാളത്തെ ആവശ്യമാണ് ഇതോടെ യാഥാർത്ഥ്യമാവുക. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ജോൺ തോമസിന്റെ നേത്യത്വത്തിലുള്ള സംഘം നിലമ്പൂർ - ഷൊർണൂർ പാത സന്ദർശിച്ച് സൗകര്യങ്ങൾ വിലയിരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഉത്തരവ് ഇറങ്ങിയത്.നിലവിൽ കേരളത്തിലെ പാലക്കാട്, തിരുവനന്തപുരം റെയിൽവേ ഡിവിഷനുകളിൽ രാത്രി യാത്രയില്ലാത്ത ഏക സെക്ഷനാണ് നിലമ്പൂർ - ഷൊർണൂർ പാത. രാത്രി പത്തിനും രാവിലെ ആറിനും ഇടയിൽ ഈ പാതയിൽ സർവീസില്ല.

ഷൊർണ്ണൂരിൽ കുടുങ്ങിയത് തന്നെ

നിലവിൽ രാത്രി 8.50ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന കൊച്ചുവേളി രാജ്യറാണി എക്‌സ്പ്രസും രാത്രി 9.20ന് നിലമ്പൂരിൽ എത്തുന്ന ഷൊർണൂർ - നിലമ്പൂർ പാസഞ്ചറുമാണ് രാത്രി സമയത്ത് ഈ പാതയിലൂടെയുള്ള അവസാനത്തെ ട്രെയിൻ. രാത്രിയിൽ ഷൊർണ്ണൂരിൽ അകപ്പെട്ടാൽ ബസ് സ‌ർവീസിനെ ആശ്രയിക്കുകയാണ് ഇപ്പോൾ യാത്രക്കാർ ചെയ്യുന്നത്. വൈകിട്ട് ഷൊർണ്ണൂരിലെത്തുന്ന ദീർഘദൂര തീവണ്ടികളിലെ യാത്രക്കാരാണ് പലപ്പോഴും ദുരിതത്തിലാവാറുള്ളത്. ഷൊർണ്ണൂരിലെ പ്രയാസം മറികടക്കാൻ പാലക്കാട്,​ തിരൂർ സ്റ്റേഷനുകളിൽ ഇറങ്ങി ബസ് മാർഗ്ഗം യാത്ര തുടരുകയാണ് മിക്കവരും ചെയ്യുന്നത്.

രാത്രികാല സർവീസ് യാഥാർത്ഥ്യമായാൽ വലിയഗുണം ലഭിക്കുക കൊച്ചുവേളി - നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസിലെ യാത്രക്കാർക്കാവും. പുലർച്ചെ 4.30ന് ഷൊർണൂരിൽ എത്തുന്ന ട്രെയിൻ പാത അടഞ്ഞുകിടക്കുന്നതിനാൽ രാവിലെ 6നാണ് യാത്ര പുനരാരംഭിക്കുക. നിലവിൽ രാവിലെ 7.50ന് ആണ് ട്രെയിൻ നിലമ്പൂരിലെത്തുന്നത്. രാത്രി ഗതാഗതം തുടങ്ങുന്നതോടെ ആറ് മണിക്ക് മുമ്പ് തന്നെ രാജ്യറാണിക്ക് നിലമ്പൂരിലെത്താനാവും. ഈ അധികസമയം പ്രയോജനപ്പെടുത്തി പുലർച്ചെ അഞ്ചരയ്ക്ക് പുറപ്പെടുംവിധം നിലമ്പൂർ -എറണാകുളം എക്സ്പ്രസ് തുടങ്ങിയേക്കും. നിലമ്പൂരിൽ നിന്ന് രാജ്യറാണി ഉപയോഗപ്പെടുത്തി അധിക ഡേ സർവീസ് തുടങ്ങുന്നതും പരിഗണനയിലാണ്.