മലപ്പുറം: മാർക്സിനോടൊപ്പം അംബേദ്ക്കറെ കൂടി ഉൾക്കൊള്ളുന്ന ഇന്ത്യൻ മാനിഫെസ്റ്റോക്ക് രാജ്യത്തെ കമ്യൂണിസ്റ്റുകൾ രൂപം നൽകണമെന്ന് സിപിഐ ദേശീയ സെക്രട്ടറി ഡി. രാജ പറഞ്ഞു. മലപ്പുറത്ത് രണ്ട് ദിവസങ്ങളിലായി നടക്കുന്ന ഭാരത ദർശനം കെ ദാമോദരൻ സ്മാരക ദേശീയ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ ഉൽപാദനോപാധികളെല്ലാം ദേശസാൽക്കരിക്കണമെന്നാണ് അംബേദ്ക്കർ പറഞ്ഞത്. മാർക്സിന്റെ വിമോചന സ്വപ്നങ്ങൾ തന്നെയാണ് ഇന്ത്യൻ സാഹചര്യത്തിൽ അംബേദ്ക്കർ പങ്കിട്ടതെന്ന് രാജാ പറഞ്ഞു. ആർഎസ്എസ് ഇന്ത്യയുടെ ഭരണഘടനയേയും മതേതര ജനാധിപത്യത്തേയും നിരന്തരമായി വെല്ലുവെളിക്കുന്ന സാഹചര്യത്തിൽ രാജ്യത്തെ വീണ്ടെടുക്കാനുള്ള പോരാട്ടം സാധാരണ ജനം ഏറ്റെടുത്ത് കഴിഞ്ഞു.
ഈ നാടിനെ ബ്രിട്ടീഷ് അടിമത്തിൽ നിന്ന് മോചിപ്പിക്കാൻ നടന്ന ധീരമായ പോരാട്ടങ്ങളിലൊന്നും ഇന്ന് നാട് ഭരിക്കുന്ന ഹിന്ദുത്വ വാദികളുടെ മുൻഗാമികളെ ഒരിടത്തും കണ്ടിട്ടില്ല. രാജ്യ നിർമാണത്തിന്റെ എല്ലാഘട്ടങ്ങളിലും കാതലായ സംഭാവനകൾ നൽകിയവരാണ് കമ്മ്യൂണിസ്റ്റ്കാർ. തുടർച്ചയായി നുണകളും ഇല്ലാക്കഥകളും പ്രചരിപ്പിച്ച് നമ്മുടെ ചിന്തകളെ സംഘപരിവാർ മലീമസമാക്കുകയാണ്. വിയോജിക്കാനുള്ള അവകാശം പോലും നിഷേധിക്കുന്നു.
ഏതിർപ്പിന്റെ സ്വരമുള്ളവരെ ദേശവിരുദ്ധരും അർബൻ മവോയിസ്റ്റ്മാക്കുന്നു. ഇന്ത്യക്ക് ഒരിക്കലും ഒരുമതരാജ്യമാകാനാവില്ല എന്ന യാഥാർഥ്യം ഇനിയെങ്കിലും മനസ്സിലാക്കാൻ മോദി ഷാ കൂട്ടുകെട്ട് തയ്യാറാവാണം രാജ ഓർമിപ്പിച്ചു. സിപിഐ സംസ്ഥാന അസി. സെക്രട്ടറി സത്യൻ മൊകേരി അദ്ധ്യക്ഷനായി.