bullet

എടക്കര: നിലമ്പൂർ തേക്ക് കൊണ്ട് ഒറിജിനലിനെ വെല്ലുന്ന എൻഫീൽഡ് ബുള്ളറ്റ് നിർമ്മിച്ച് വിസ്‌മയിപ്പിക്കുകയാണ് കരുളായി കളംകണ്ടാലപറ്റ സ്വദേശിയായ ജിതിൻ. യൂറോപ്യൻ രാജ്യങ്ങളിൽ ജന്മംകൊണ്ട് ലോകത്തിലെ രാജവീഥികൾ കീഴടക്കിയ റോൾസ് റോയിസ് കാറുകളുടെ ഇന്റിരിയൽ പണിതിരിക്കുന്നത് നിലമ്പൂർ തേക്കിലാണ്. പിന്നെ എന്തു കൊണ്ടൊരു ബുള്ളറ്റ് പണിതുകൂടാ. അഞ്ച്‌വർഷം മുമ്പ് വിദേശത്ത് ജോലി ചെയ്യുമ്പോഴുണ്ടായ ഈ ചിന്തയാണ് ജിതിനെ ബുള്ളറ്റ് നിർമ്മാണത്തിൽ കൊണ്ടെത്തിച്ചത്. നാട്ടിലേക്ക് തിരിക്കുമ്പോൾ ബുള്ളറ്റ് നിർമ്മാണത്തിന് ആവശ്യമായ ഉപകരണങ്ങളും ജിതിൻ വാങ്ങിച്ചിരുന്നു. ജിതിൻ പണിത ബുള്ളറ്റ് രൂപത്തിലും ഭാവത്തിലും ഒറിജിനലിനെ വെല്ലുന്നതാണ്. ഇലക്ട്രീഷ്യനായ ഇദ്ദേഹം ജോലി കഴിഞ്ഞുള്ള ഇടവേളകളിലായിരുന്നു ബുള്ളറ്റ് നിർമ്മാണം നടത്തിയിരുന്നത്.

രണ്ടുവർഷമെടുത്ത് പണി പൂർത്തിയാക്കാൻ. വീട്ടുവളപ്പിലെ രണ്ടുതേക്കുകൾ ഇതിനായി മുറിച്ചു. ഒരുഒറിജിനൽ ബുള്ളറ്റ് സ്വന്തമാക്കി അതുനോക്കിയാണ് നിർമ്മാണം നടത്തിയത്. ബൈക്കിന്റെ നമ്പറും ഒറിജിനലിന്റെത് തന്നെ നൽകി. തേക്ക് ബുള്ളറ്റിന്റെ ടയറുകൾ മലേഷ്യൻ ഇരുളിലും ടാങ്കിലെ കമ്പനി ഡിസൈനുകൾ വീട്ടിയിലുമാണ് ചെയ്തിരിക്കുന്നത്. വർഷങ്ങൾക്കു മുമ്പ് മരത്തിൽ ചെറിയൊരു ബുള്ളറ്റ് നിർമ്മിച്ച് ജിതിൻ തന്റെ കഴിവ് തെളിയിച്ചിരുന്നു. ഒറിജിനൽ ബുള്ളറ്റിനോടൊപ്പം തലയുയർത്തി നിൽക്കുന്നതേക്ക് ബുള്ളറ്റ് കാണാൻ നിരവധി ആളുകളാണ് ജിതിന്റെ വീട്ടിൽ എത്തികൊണ്ടിരിക്കുന്നത്.