മലപ്പുറം: ആർ.എം.പിയുടെ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് ക്ഷണിച്ചപ്പോൾത്തന്നെ സംഘാടകരെ അറിയിച്ചിരുന്നെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ മലപ്പുറത്ത് മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. അതേദിവസം മറ്റു പരിപാടികൾ ഉള്ളതിനാലാണ് അസൗകര്യം അറിയിച്ചത്. ഇപ്പോൾ വിവാദമുണ്ടാക്കി വാർത്തകളിൽ ഇടം നേടാനാണ് ആർ.എം.പി നേതാക്കൾ ശ്രമിക്കുന്നത്.

കോഴിക്കോട്ടെ അലനും താഹയ്ക്കുമെതിരെ യു.എ.പി.എ ചുമത്തിയതിന് സി.പി.ഐ അന്നും ഇന്നും എതിരാണ്. കേന്ദ്ര സർക്കാർ പുതിയ ഉത്തരവിലൂടെയാണ് ഈ കേസ് എൻ.ഐ.എയെ ഏൽപ്പിച്ചത്. സംസ്ഥാനത്തിന്റെ അധികാരത്തിൽ കൈകടത്തുകയാണ് കേന്ദ്രം ചെയ്യുന്നത്. ഗവർണറും സൈനിക മേധാവിയും രാഷ്ട്രീയ പ്രസ്താവന നടത്തുന്നത് ശരിയായ നടപടിയല്ല. സൈനിക മേധാവികൾക്കു മേൽ ചീഫ് സ്റ്റാഫ് വരുന്നത് ഗുണകരമല്ലെന്നും കാനം പറഞ്ഞു.