മലപ്പുറം: വെട്ടിക്കുറച്ച മണ്ണെണ്ണ വിഹിതം കേന്ദ്രം പുനഃസ്ഥാപിക്കാതെ വന്നതോടെ മാസാവസാനമായിട്ടും സംസ്ഥാനത്തെ 30 ശതമാനത്തോളം കാർഡുടമകൾക്ക് മണ്ണെണ്ണ കിട്ടാത്ത സ്ഥിതിയായി. ഡിസംബറിൽ 28.80 ലക്ഷം ലിറ്റർ മണ്ണെണ്ണ വേണ്ടയിടത്ത് 16.92 ലക്ഷം ലിറ്ററാണ് സിവിൽ സപ്ലൈസ് വകുപ്പിന്റെ പക്കലുള്ളത്. 11.88 ലക്ഷം ലിറ്ററിന്റെ കുറവ്. നോൺ സബ്സിഡി മണ്ണെണ്ണയിലെ ഒരുവിഹിതം ഇതിലേക്ക് മാറ്റിയിട്ടും കുറവ് പരിഹരിക്കാനായില്ല. ഒരുമാസത്തെ മണ്ണെണ്ണ നഷ്ടപ്പെടുമെന്നതിനാൽ കാർഡുടമകളും റേഷൻ കടക്കാരും തമ്മിൽ വാക്കേറ്റം പതിവായി.
കഴിഞ്ഞ ജൂണിലാണ് ത്രൈമാസ വിഹിതം 13,908 കിലോലിറ്ററിൽ(1000 ലിറ്റർ ഒരു കിലോലിറ്റർ) നിന്ന് 9,264 കിലോലിറ്ററായി കേന്ദ്രം വെട്ടിക്കുറച്ചത്. 4,644 കിലോലിറ്ററിന്റെ കുറവ്. ഒരുമാസത്തെ വിതരണത്തിന് വേണ്ടത്ര മണ്ണെണ്ണയാണിത്. ത്രൈമാസത്തിലെ അവസാനത്തിലാണ് പ്രശ്നം രൂക്ഷമാവുന്നത്. സെപ്തംബറിലും ഒക്ടോബറിലും മണ്ണെണ്ണ വിതരണം വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടുപോയപ്പോൾ ഡിസംബറിൽ പ്രതിസന്ധി രൂക്ഷമായി. ഓരോ മാസവും തുടക്കത്തിൽ പൊതുവിഭാഗത്തെ ഒഴിവാക്കിയാണ് ഇപ്പോൾ മണ്ണെണ്ണ വിതരണം നടത്തുന്നത്. പിന്നീട് റേഷൻകടകളിലെ ശേഷിക്കുന്ന മണ്ണെണ്ണയും നോൺ സബ്ഡിഡി മണ്ണെണ്ണയും ഉൾപ്പെടുത്തി പൊതുവിഭാഗത്തിന് നൽകും.
വിനയായത് കേന്ദ്ര മാനദണ്ഡം
വൈദ്യുതീകരിച്ച വീടുകൾക്ക് അര ലിറ്ററും വൈദ്യുതീകരിക്കാത്തതിന് നാല് ലിറ്ററുമാണ് ലഭിക്കുക. കേരളം സമ്പൂർണമായി വൈദ്യുതീകരിച്ചതും പാചകവാതകം ഉപയോഗിക്കുന്നതുമാണെന്ന നിഗമനത്തിലാണ് കേന്ദ്രസർക്കാർ മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചത്. സിവിൽ സപ്ലൈസ് വകുപ്പിന്റെ കണക്കുപ്രകാരം ആകെയുള്ള 86,83,940 കാർഡുകളിൽ 45,664 ഉടമകളുടെ വീടുകളും വൈദ്യുതീകരിച്ചിട്ടില്ല. തിരുവനന്തപുരത്തും (9,149) പാലക്കാട്ടുമാണ് (8,288) ഇത്തരം കാർഡുകൾ കൂടുതലുള്ളത്. വിളക്കു കത്തിക്കാനും പാചകത്തിനും മാത്രമേ കേന്ദ്രവിഹിതമായ മണ്ണെണ്ണ ഉപയോഗിക്കാവൂ എന്നാണ് നിർദ്ദേശം.
വെട്ടിക്കുറച്ച വിഹിതം പുനഃസ്ഥാപിക്കണമെന്ന ആവശ്യം സർക്കാർ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. കേരളം സമ്പൂർണ വൈദ്യുതീകരണ സംസ്ഥാനമാണെന്ന നിലപാടാണ് കേന്ദ്രത്തിന്റേത്. വൈദ്യുതീകരണ നിരക്ക് കൂടുന്തോറും മണ്ണെണ്ണ വിഹിതം കുറയ്ക്കാനാണ് കേന്ദ്രതീരുമാനം.
മിനി ആന്റണി, സിവിൽ സപ്ലൈസ് വകുപ്പ് കമ്മിഷണർ