flower
ചെറുമുക്കിലെ അരീക്കാട്ട് അബ്ദുറഹിമാൻ കുട്ടിയുടെ വയലിലെ ചുവന്ന ആമ്പൽ പൂക്കൾ

തിരൂരങ്ങാടി: ഏക്കർകണക്കിന് വരുന്ന ചെറുമുക്ക് വയലിനെ ചുവപ്പണിയിച്ച ആമ്പൽപൂക്കൾ കാണാൻ സന്ദർശകരുടെ ഒഴുക്ക്. പുലർച്ചെ അഞ്ച് മുതൽ ഉച്ചയ്ക്ക് 12 വരെയാണ് പൂക്കൾ പൂർണ്ണ ഭംഗിയോടെ വിരിഞ്ഞു നിൽക്കുന്നത്. പൂക്കാലത്തിന് പിന്നാലെ ദേശാടന പക്ഷികളും വയലിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. നേരത്തെ വെള്ള ആമ്പൽ പൂക്കളായിരുന്നു ചെറുമുക്ക് വയൽ നിറയെ. ചുവന്ന ആമ്പലുകൾ സ്ഥാനം പിടിച്ചതോടെ വെള്ള ആമ്പലുകൾ ഇല്ലാതായിട്ടുണ്ട്. വെള്ള ആമ്പലുകൾ വൈകിട്ട് അഞ്ച് വരെ വിരിഞ്ഞുനിൽക്കും. ഞാർ നടാനായി നിലംഒരുക്കുന്നതോടെ വയലിൽ നിന്ന് ആമ്പൽക്കാഴ്ച്ചകൾ ഇല്ലാതാവും. സമീപത്തെ തോടുകളിലും ആമ്പലുകൾ നിറഞ്ഞുനിൽക്കുന്നുണ്ട്. ആമ്പൽക്കാഴ്ച്ച കാണാനെത്തുന്നവർ ആമ്പൽ വിത്തും പൂക്കളും പറിച്ചും ഫോട്ടോയെടുത്തുമാണ് മടങ്ങുന്നത്.