malina
തുറന്നുകിടക്കുന്ന ഓട

തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ വിവിധ സ്ഥാപനങ്ങൾ മലിനജലവും കക്കൂസ് മാലിന്യവും ഓടയിലൂടെ കടലുണ്ടിപ്പുഴയിലേക്കൊഴുക്കുന്നതിൽ പ്രതിഷേധം ശക്തമാവുന്നു. ഈ അവസ്ഥ കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നുണ്ടെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വർഷത്തോളമായി ജില്ലാ കളക്ടർ, നഗരസഭ, ആരോഗ്യ വകുപ്പ് അധികൃതർ എന്നിവർക്ക് നിരന്തരം പരാതികൾ അയച്ചിട്ടും നടപടി എടുത്തിട്ടില്ലെന്ന് പ്രദേശവാസികൾ പറയുന്നു. തിരൂരങ്ങാടി ജി.എച്ച്.എസ്.എസിനരികിലൂടെയാണ് ഓടയൊഴുകുന്നത്. ഡ്രെയ്നേജ് അടയുന്നത് കാരണം കൊതുകുശല്യവും ഏറെയാണ്. മഴക്കാലമായാൽ മാലിന്യം റോഡിലൂടെയാണ് ഒലിച്ചുപോകുന്നത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾക്കും കാൽനടയാത്രക്കാർക്കും ഇതേറെ ആരോഗ്യ പ്രശ്നങ്ങൾ ഉയർത്തുന്നുണ്ട്.
ഡ്രെയ്‌നേജിലൂടെ പോകുന്ന വെള്ളം പുഴയിൽ വീഴുന്നിടത്താണ് സ്‌കൂളിലേക്ക് കുടിവെള്ളത്തിനും മറ്റും ഉപയോഗിക്കാൻ സ്‌കൂളിലെ ടാങ്കിലേക്ക് മോട്ടോർ അടിക്കുന്നത്. ഫിൽട്ടർ വച്ചാണ് ഉപയോഗമെങ്കിലും ഇതുണ്ടാക്കുന്ന ആശങ്ക ചെറുതല്ല. മുപ്പതോളം വീട്ടുകാർ പുഴയിൽ കുഴിച്ച കിണറുകളിൽ നിന്നാണ് വെള്ളമെടുക്കുന്നത്. ഇത് ഫിൽട്ടർ ചെയ്യാറുമില്ല.

ഇനിയെങ്കിലും ഡ്രെയ്നേജിലൂടെ മാലിന്യമൊഴുക്കുന്നതിന് നടപടിയുണ്ടായില്ലെങ്കിലും വേനൽക്കാലത്ത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളുണ്ടായേക്കാമെന്ന ആശങ്കയിലാണ് നാട്ടുകാർ.