മലപ്പുറം: റോഡപകടങ്ങൾ പകുതിയായി കുറയ്ക്കാൻ ലക്ഷ്യമിട്ടുള്ള മോട്ടോർ വാഹനവകുപ്പിന്റെ സേഫ് കേരള പദ്ധതിയിലൂടെ മുൻവർഷത്തെ അപേക്ഷിച്ച് ജില്ലയിൽ 41 മരണങ്ങൾ കുറയ്ക്കാനായി. മേയ് മുതൽ നവംബർ വരെ ഒമ്പത് മാസക്കാലയളവിലാണിത്. ഡിസംബർ മുതൽ ഫെബ്രുവരി വരെ 30 മരണങ്ങൾ കുറയ്ക്കാൻ ലക്ഷ്യമിട്ട് വിവിധ പ്രവർത്തനങ്ങൾ മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം നടപ്പാക്കും. അപകട മുനമ്പായ ചങ്കുവെട്ടി - കക്കാട് മേഖലയിൽ പ്രത്യേക പരിശോധന നടത്തും. മുൻവർഷങ്ങളെ അപേക്ഷിച്ച് അപകട മരണങ്ങളിൽ കാര്യമായ കുറവുണ്ടാക്കാൻ സാധിച്ചെന്ന വിലയിരുത്തലിലാണ് അധികൃതർ.
സാധാരണഗതിയിൽ ഡിസംബർ, മേയ് മാസങ്ങളിലാണ് കൂടുതൽ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാറുള്ളത്. ശബരിമല സീസണടക്കം കൂടുതൽ വാഹനങ്ങൾ നിരത്തിലുണ്ടാവുമെന്നതാണ് ഇതിന് കാരണമായി മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നത്. മേയിൽ വേനലവധിയെ തുടർന്നുണ്ടാവുന്ന തിരക്കും.
സേഫ് കേരള പദ്ധതി നടപ്പാക്കുന്നതിന് തൊട്ടുമുമ്പത്തെ മാസങ്ങളിലാണ് ജില്ലയിൽ വലിയ തോതിൽ അപകട മരണങ്ങളുണ്ടായത്. ജനുവരിയിൽ 44ഉം ഫെബ്രുവരിയിൽ നാൽപ്പതും മരണങ്ങളുണ്ടായി. എൻഫോഴ്സ്മെന്റ് പ്രവർത്തനങ്ങൾ കുറവായിരുന്നതാണ് മരണസംഖ്യ ഉയരാൻ കാരണമെന്നാണ് അധികൃതരുടെ നിഗമനം.