കൂറ്റനാട്: പറക്കുളം കുണ്ടുകാട് കൊക്കർണി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഗോഖലെ ജി.എച്ച്.എസ്.എസിലെ വിദ്യാർത്ഥികൾ കപ്പൂർ പഞ്ചായത്ത് പ്രസിഡന്റിന് കത്തയച്ചു. ഹരിത കേരള മിഷൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ 14 മുതൽ 22വരെ നടപ്പാക്കുന്ന നീർച്ചാലുകളുടെ വീണ്ടെടുപ്പ് എന്ന പദ്ധതിയിൽ കുണ്ടുകാട് കൊക്കർണിയും ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.
പാരമ്പര്യ ജലാശയമാണ് കൊക്കർണികൾ. കപ്പൂർ പഞ്ചായത്തിൽ പറക്കുളത്തും ഒരു കൊക്കർണിയുണ്ട്. വർഷങ്ങൾക്കു മുമ്പുവരെ ഇതിലെ വെള്ളം നെയ്യൂർ പാടത്തെ നെൽകൃഷിക്ക് സഹായകരമായിരുന്നു. എന്നാൽ, മണ്ണിടിച്ചിലിനെ തുടർന്ന് കൊക്കർണി തൂർന്നതോടെ വെള്ളമൊഴുക്കും നിലച്ചു. ഇതോടെ നെയ്യൂർ പാടത്ത് വർഷത്തിൽ ഒരു തവണ മാത്രമായി കൃഷിയും ചുരുങ്ങി.
ഈ വർഷം ഇടവപ്പാതി തിമർത്തുപെയ്ത സമയത്ത് നൂറുകണക്കിനു ആളുകൾ കൊക്കർണി കാണാനായെത്തിയിരുന്നു. ഗോഖലെയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും കൊക്കർണി സന്ദർശിച്ചിരുന്നു. ഇതാണ് പഞ്ചായത്ത് പ്രസിഡന്റിന് കത്തെഴുതാൻ കുട്ടികളെ പ്രേരിപ്പിച്ചത്.