മണ്ണാർക്കാട്: ഇരുചക്രവാഹനങ്ങളിൽ യാത്ര ചെയ്യുന്ന എല്ലാവർക്കും ഹെൽമറ്റ് നിർബന്ധമാക്കിയതോടെ അവസരം മുതലെടുത്ത് കച്ചവടക്കാർ. മൂന്ന് ദിവസത്തിനുള്ളിൽ 100 മുതൽ 200 വരെയാണ് കടകളിൽ വിവിധതരം ഹെൽമെറ്റുകൾക്ക് വില വർദ്ധിച്ചത്. അതേസമയം, ഹെൽമറ്റ് നിർമ്മാണ കമ്പനികളൊന്നും വില കൂട്ടിയിട്ടുമില്ല. ഫരീദാബാദ്, ബെൽഗാവ്, ഹിമാചൽ എന്നിവിടങ്ങളിൽ നിന്നാണ് ബ്രാൻഡഡ് ഹെൽമറ്റുകൾ കേരളത്തിലെത്തുന്നത്.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മൂന്നുമാസം മുമ്പുതന്നെ പിൻസീറ്റിലുള്ള യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധമാക്കിയിരുന്നതിനാൽ നേരത്തേ തന്നെ കമ്പനികൾ ഹെൽമെറ്റ് നിർമ്മാണം വർദ്ധിപ്പിച്ചിരുന്നു. ഈ ഘട്ടങ്ങളിലൊന്നും വില കൂട്ടിയിരുന്നില്ല. നിർമ്മാതാക്കൾ വില വർദ്ധിപ്പിക്കാത്ത സാഹചര്യത്തിൽ അധികമായി വാങ്ങുന്ന തുക കച്ചവടക്കാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. 799 രൂപ മുതൽ 27,000 രൂപ വരെ വിലയുള്ള ഐ.എസ്.ഐ നിലവാരമുള്ള ഹെൽമറ്റുകൾ വിപണിയിലുണ്ട്.
പിൻസീറ്റ് യാത്രക്കാർക്കടക്കം ഹെൽമറ്റ് കർശനമാക്കിയത് കണക്കിലെടുത്ത് ഗുണന്മേയില്ലാത്ത ഹെൽമറ്റുകൾ വഴിയോരങ്ങളിലടക്കം വില്പനയ്ക്ക് എത്തുന്നുണ്ട്. തമിഴ്നാട്ടിൽ കുടിൽ വ്യവസായമായി നിർമ്മിക്കുന്നവയും ഇക്കൂട്ടത്തിലുണ്ട്.