pkd-stand
കെട്ടിടം പൂർണ്ണമായും പൊളിച്ചുമാറ്റിയ പാലക്കാട് മുനിസിപ്പൽ ബസ് സ്റ്റാന്റ്

പാലക്കാട്: പഴകി ദ്രവിച്ച് യാത്രക്കാർക്കും ബസ് ജീവനക്കാർക്കും ഭീഷണിയായിരുന്ന മുനിസിപ്പൽ സ്റ്റാന്റ് കെട്ടിടം പൂർണമായും പൊളിച്ചുനീക്കി ആഴ്ചകൾ പിന്നിട്ടിട്ടും മുമ്പ് സർവീസ് നടത്തിയിരുന്ന എല്ലാ ബസുകളും ഇവിടേക്ക് സർവീസ് നീട്ടിയില്ല. ജീവന് ഭീഷണിയായ കെട്ടിടം പൊളിക്കാതെ ബസുകൾ സ്റ്റാന്റിൽ കയറ്റില്ലെന്ന് പറഞ്ഞ ബഹുഭൂരിഭാഗം ബസുടമകളും ജീവനക്കാരും സ്റ്റാന്റിനെ കൈയൊഴിഞ്ഞ മട്ടാണ്.

കെട്ടിടം പൂർണ്ണമായും പൊളിച്ചുകഴിഞ്ഞാൽ ബസുകൾ പൂർണമായും ഇവിടെ നിന്ന് സർവീസ് നടത്താമെന്നാണ് ജില്ലാ കളക്ടർ നഗരസഭയ്ക്ക് ഉറപ്പ് നൽകിയിരുന്നത്. എന്നാൽ കളക്ടറുടെ ഭാഗത്തുനിന്നും ഇതുവരെ തുടർ നടപടി ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷം ആഗസ്റ്റിൽ സ്റ്റാന്റിന് സമീപമുള്ള കെട്ടിടം തകർന്നതിനെ തുടർന്നാണ് കാലപ്പഴക്കമേറിയ മുൻസിപ്പൽ കെട്ടിടവും പൊളിക്കാൻ നഗരസഭ തീരുമാനിച്ചത്. തുടർന്ന് ബസുകളെല്ലാം സ്റ്റേഡിയം സ്റ്റാന്റിലേക്ക് മാറ്റി.

നഗരകേന്ദ്രത്തിലും ടൗൺ റെയിൽവേ സ്റ്റേഷനിലുമെത്തുന്ന നൂറുകണക്കിന് യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാൻ ബസുകൾ മുനിസിപ്പൽ സ്റ്റാന്റിൽ നിന്നുതന്നെ സർവീസ് തുടങ്ങണമെന്ന ആവശ്യം ഇതിനിടെ ശക്തമായി. തുടർന്നാണ് താൽക്കാലിക സുരക്ഷയൊരുക്കി ബസ് ബേ ആയി പ്രവർത്തനം പുനരാരംഭിച്ചത്. പക്ഷേ മുമ്പ് സർവീസ് നടത്തിയിരുന്നതിൽ പകുതി ബസുകളും ഇതിനോട് മുഖം തിരിച്ചു.

യാത്രക്കാരുടെ ദുരിതം ഇപ്പോഴും തുടരുകയാണ്. നിലവിൽ ചെർപ്പുളശേരി, കോങ്ങാട്, പെരുങ്ങോട്ടുകുറുശി റൂട്ടിലെ കുറച്ച് ബസുകൾ മാത്രമാണ് ഇവിടെ നിന്ന് സർവീസ് നടത്തുന്നത്. കോട്ടായി, പൂടൂർ, മണ്ണാർക്കാട്, കോഴിക്കോട് ബസുകൾ സ്റ്റേഡിയം സ്റ്റാന്റിൽ നിന്നാണ് സർവീസ് ആരംഭിക്കുന്നത്.

കെട്ടിടം പൂർണമായും പൊളിച്ചതോടെ ഹൈക്കോടതി വിധി പ്രകാരം മുഴുവൻ ബസുകളും ഇവിടെ നിന്ന് സർവീസ് തുടങ്ങണം. ഇത് നടപ്പാക്കാൻ കളക്ടറെ കണ്ട് ചർച്ച നടത്തണമെന്ന് കഴിഞ്ഞ കൗൺസിൽ യോഗത്തിൽ ആവശ്യപ്പെട്ടെങ്കിലും നടപടിയുണ്ടായിട്ടില്ല. ബസുകൾ നിറുത്താൻ യഥേഷ്ടം സ്ഥലമുണ്ടിപ്പോൾ. കൂടുതൽ ബസ് കാത്തിരിപ്പ് കേന്ദ്രമടക്കം സൗകര്യം ഒരുക്കാനും തയ്യാറാണ്.

​-അബ്ദുൾ ഷുക്കൂർ, പൊതുമരാമത്ത് സ്ഥിരസമിതി അദ്ധ്യക്ഷൻ, പാലക്കാട് നഗരസഭ