crake
നിളാതടത്തിൽ വിരുന്നെത്തി ചെറിയ നെല്ലിക്കോഴി

കൂറ്റനാട്: മഞ്ഞുകാലമാരംഭിച്ചതോടെ നിളയോരത്ത് അതിഥികൾ വിരുന്നെത്തി. കുളക്കോഴി വർഗത്തിൽപ്പെട്ട നെല്ലിക്കോഴിയാണ് (ബെയ്‌ലൻസ് ക്രെയ്ക്ക്) കോമംഗലം ഭാഗത്തെത്തിയത്. പക്ഷിനിരീക്ഷകനും വന്യജീവി ഫോട്ടോഗ്രാഫറുമായ ഷിനോ ജേക്കബാണ് നെല്ലിക്കോഴിയെ കണ്ടെത്തിയതും ചിത്രങ്ങൾ പകർത്തിയതും.
കേരളത്തിൽ അപൂർവമായാണ് ചെറിയ നെല്ലിക്കോഴിയെ കാണുക. യൂറോപ്യൻ രാജ്യങ്ങളിലും ഏഷ്യയുടെ മറ്റുപ്രദേശങ്ങളിലും പ്രജനനം നടത്തുന്ന ഇവ മഞ്ഞുകാലമായാൽ കിഴക്കൻ ആഫ്രിക്കയിലേക്കും തെക്കൻ ഏഷ്യയിലേക്കും ദേശാടനം നടത്താറുണ്ട്. ഓസ്‌ട്രേലിയയിലും വടക്കൻ അമേരിക്കയിലും ഇവ കാണപ്പെടാറുണ്ട്.
ചതുപ്പുനിലങ്ങളിലും വെള്ളക്കെട്ട് പ്രദേശങ്ങളിലും ജീവിക്കാൻ ഇഷ്ടപ്പെടുന്ന ഈ പക്ഷിയുടെ ഭക്ഷണം പ്രാണികളും ചെറുജലജീവികളുമാണ്. തവിട്ട് നിറമാണ്.​ പുറംഭാഗത്ത് കറുപ്പിലും വെളുപ്പിലും പൊട്ടുണ്ടാവും. മുഖവും കഴുത്തും ചാരനിറം. 16 മുതൽ 18 സി.എം നീളമുണ്ടാകും. ടൈനി ക്രെയ്ക്ക്, മാർഷ് ക്രെയ്ക്ക് എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ൃപക്ഷിക്ക് ഫ്രഞ്ച് നാച്ചുറലിസ്റ്റ് ലൂയിസ് ആന്റോയിൻ ഫ്രങ്കോയീസ് ബെയ്‌ലന്റെ സ്മരണാർഥം ബെയ്‌ലൻസ് ക്രെയ്ക്ക് എന്ന പേര് നൽകുകയായിരുന്നു.
മേഖലയിലെ വിശാലമായ നെൽവയലുകളും ചതുപ്പും ഭാരതപ്പുഴയുടെ സാമീപ്യവും ധാരാളം പക്ഷികൾക്കും മറ്റ് ജീവജാലങ്ങൾക്കും അഭയം നൽകുന്നുണ്ട്. യൂറോപ്പിലും മറ്റും അതിശൈത്യം തുടങ്ങുന്നതോടെ ഡിസംബർ ആദ്യവാരങ്ങളിൽ നിരവധി ദേശാടനപ്പക്ഷികൾ നിളാതടത്തിലെത്താറുണ്ട്.