ചിറ്റൂർ: പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളായി മാറ്റുകയെന്ന സർക്കാറിന്റെ പദ്ധതിയുടെ ഭാഗമായി ചിറ്റൂർ ഗവ. വിക്ടോറിയ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ഹൈടെക് കെട്ടിടത്തിന്റെ ഉദ്ഘാടനം ഏഴിന് രാവിലെ പത്തിന് മന്ത്രി സി.രവീന്ദ്രനാഥ് നിർവ്വഹിക്കും. മന്ത്രി കെ.കൃഷ്ണൻകുട്ടി അദ്ധ്യക്ഷത വഹിക്കും. രമ്യ ഹരിദാസ് എം.പി മുഖ്യാതിഥിയാകും.
കിഫ്ബി ഫണ്ടിൽ നിന്നും അനുവദിച്ച മൂന്ന് കോടി രൂപ ചെലവിലാണ് മൂന്ന് നിലകളുള്ള കെട്ടിടം പൂർത്തീകരിച്ചത്. മൂന്ന് നിലകളിലായി 18 ക്ലാസ് മുറികളാണ് നിർമ്മിച്ചിരിക്കുന്നത്. ഓരോ നിലകളിലും ആധുനിക രീതിയിലുള്ള ശുചിമുറികളാണ്. ജില്ലയിൽ 12 നിയോജക മണ്ഡലങ്ങളിലായി മുപ്പതോളം വിദ്യാലയങ്ങളിൽ അനുവദിക്കപ്പെട്ട കെട്ടിടങ്ങളിൽ ആദ്യമായി പണി പൂർത്തീകരിച്ചത് ചിറ്റൂർ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിലേതാണ്.
നിർമ്മാണ പ്രവർത്തനങ്ങളുടെ ഓരോഘട്ടത്തിലും മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ ഇടപെടൽ കെട്ടിട നിർമ്മാണം അതിവേഗത്തിൽ പൂർത്തീകരിക്കാൻ സഹായകമായെന്ന് സ്‌കൂൾ അധികൃതർ പറഞ്ഞു. നവതിയുടെ നിറവിലെത്തി നിൽക്കുന്ന സ്‌കൂളിന് ലഭിച്ച ഹൈടെക് കെട്ടിടം ഉദ്ഘാടനം ആഘോഷമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് സ്‌കൂൾ അധികൃതർ.